കോവിഡ് -19 മരിച്ചവരുടെ എണ്ണം 1,16,090 കടന്നു: ദിനംപ്രതി മരിക്കുന്നത് അയ്യായിരത്തോളം പേര്
വാഷിങ്ടണ്‍: കോവിഡ് -19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,16,090 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ദിനംപ്രതി അയ്യായിരത്തോളം പേരാണ് മരിക്കുന്നത്. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18,75,060 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും രോഗം ബാധിച്ച് കൂടുതല്‍ പേര് മരിച്ചിരിക്കുന്നതും അമേരിക്കയിലാണ്. ഇവിടെ രോഗമുക്തി നേടുന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്.
അമേരിക്കയില്‍ മരണം 22,000 പിന്നിട്ടപ്പോള്‍ ഇറ്റലിയില്‍ ഇരുപതിനായിരത്തോളവും സ്പെയിനില്‍ പതിനേഴായിരത്തിലേറെ പേരും മരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ മരണം പതിനയ്യായിരത്തോട് അടുത്തു. ഇതുകൂടാതെ ബ്രിട്ടനിലും മരണം പതിനായിരം പിന്നിട്ടിട്ടുണ്ട്.
അതേസമയം, ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ഔദ്യോഗിക കണക്കനുസരിച്ച് 1,11,652 പേരാണ് രോഗം ബാധിച്ച് ലോകത്താകെ മരിച്ചിരിക്കുന്നത്. 17,73,088 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ പറയുന്നു.
അതേ സമയം ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച മാത്രം 1,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്സസില്‍ ഹാരിസ് കൗണ്ടിയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് (3,500), രണ്ടാം സ്ഥാനത്ത് ഡാലസ് (1,600). ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
1,300 പേര് ചികിത്സയില്‍ കഴിയുകയാണെന്നും ഇതുവരെ 2,000 ലധികം പേര് രോഗവിമുക്തി നേടിയെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിലും പനി, ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങളായി കാണുന്നത്. ഇവരില്‍ ഭൂരിപക്ഷവും രണ്ടു മൂന്നാഴ്ചക്കുള്ളില്‍ സുഖം പ്രാപിക്കും.
എന്നാല്‍ പ്രായമായവരിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് വൈറസ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടും കൗണ്ടി അധികൃതരും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് രോഗ വ്യാപനം ഗുരുതരമായി തടയുന്നതിനു കാരണമായി. ജനങ്ങളും പൂര്‍ണമായി സഹകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."