പാറക്കല്‍ അബ്ദുല്ലയുടെ 'മഹല്ല്' പ്രയോഗം വിവാദമാക്കി സി.പി.എം, മഹല്ല് വാസികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് വീണ്ടും എം.എല്‍.എ
കുറ്റ്യാടി: കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ 'മഹല്ല്' പ്രയോഗം വിവാദമാക്കി സി.പി.എം ജില്ലാ നേതൃത്വം. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ എം.എല്‍.എ നടത്തിയ ചര്‍ച്ചയിലെ മഹല്ല് എന്ന പ്രയോഗമാണ് സി.പി.എം വിവാദമാക്കുകയും ഇതില്‍ പ്രസ്താവന ഇറക്കുകയും ചെയ്തിരിക്കുന്നത്.
ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടര്‍ത്തുന്നതും അപലപനീയമാണെന്നും കൊവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലുംപെട്ട പ്രവാസികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സങ്കുചിതമായരീതിയില്‍ കണക്കെടുക്കണമെന്ന നിര്‍ദ്ദേശമെന്നും സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
മുസ്ലിം ലീഗ് നേതാക്കളും വിവിധ ഗള്‍ഫ് നാടുകളിലെ കെ.എം.സി.സി ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ ചെറിയ ക്ലിപ്പുകളായാണ് ഓരോ അംഗങ്ങളും സംസാരിച്ചത്. ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ച് വരുന്നവര്‍ക്ക് മഹല്ല് കമ്മിറ്റികളുടെ കീഴിലുള്ള മദ്‌റസകള്‍, കോളജുകള്‍, യതീംഖാനകള്‍ എന്നിവിടങ്ങളില്‍ ക്വാറന്റയിന്‍ സൗകര്യമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഒരംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി മഹല്ല് കമ്മിറ്റികളുടെ കൈവശമുള്ള ഡാറ്റ ശേഖരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.
സംഭവം ഇതായിരിക്കെ സി.പി.എം വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയദുഷ്ടലാക്കെന്ന് ലീഗും യു.ഡി.എഫും പ്രതികരിച്ചു. കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിവരാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്കു ആവശ്യമായ സൗകര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് കെ.എം.സി.സി പ്രവര്‍ത്തകന്‍മാരുമായുള്ള ചര്‍ച്ചയില്‍ മഹല്ലടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുന്നതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞത് വര്‍ഗീയതയായി ചിത്രീകരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രതികരിച്ചു.
അതേസമയം സി.പി.എമ്മിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിശദീകരണം പറഞ്ഞും മഹല്ല് വാസികള്‍ക്ക് വിഷുആശംസ നേര്‍ന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. ആട്ടിനെ പട്ടിയാക്കുന്ന ഒരു രീതിയാണ് സി.പി.എം നടത്തിയിരിക്കുന്നത്. മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ വിവരശേഖരണം നടത്തണമെന്ന് പറഞ്ഞത് ഒരു പ്രദേശം എന്നടിസ്ഥാനത്തിലാണ്. അതില്‍ യാതൊരു വിഭാഗീയതയുമില്ല. കുറ്റ്യാടിയിലെ എന്റെ വിജയമാണ് സി.പി.എമ്മിനെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ നാലരവര്‍ഷക്കാലം എനിക്കെതിരെ പ്രയോഗിക്കാത്ത ദുരാരോപണങ്ങളില്ല. രാഷ്ട്രീയമായി തകര്‍ക്കാന്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വര്‍ഗീയമായി തകര്‍ക്കാന്‍ നോക്കുകയാണ്. ലോകം ഒരു വലിയ മഹാമാരിക്കെതിരെ ഒരുമിച്ചു പൊരുതുമ്പോള്‍ അവിടെ വര്‍ഗീയം കാണുന്ന രൂപത്തില്‍ പ്രചരണം നടത്തുന്ന സി.പി.എമ്മിനെതിരെയും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയും കേസെടുക്കണമെന്ന് പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."