അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. സംസ്ഥാന - ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്നു. ഔദ്യോഗികപാര്‍ട്ടി നേതാക്കള്‍ ഇടതുമുന്നണിയോടൊപ്പവും ചേര്‍ന്നു. അതിരമ്പുഴ റീജനല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖരായ അഞ്ച് നേതാക്കള്‍ യു.ഡി.എഫ് പാനലില്‍ ജനവിധി തേടും. അതേസമയം കേരളാ കോണ്‍ഗ്രസ് ഔദ്യോഗികപാനലിലെ അഞ്ച് സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫ് പാനലില്‍ മത്സരിക്കും.
രാജ്യസഭാ സീറ്റ് ലഭിച്ച പിന്നാലെ കെ.എം മാണി യു.ഡി.എഫിലേക്ക് വീണ്ടും തിരിച്ചെത്തിയ സാഹചര്യത്തില്‍ അതിരമ്പുഴയിലെ രാഷ്ട്രീയകളികള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. അതിരമ്പുഴ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫില്‍ പ്രവേശിക്കാന്‍ കാരണമായത്. പിന്നാലെ ഇവരെ പുറത്താക്കിയതായി പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് നേതൃത്വം സിപിഎം പ്രാദേശികനേതൃത്വവുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിയുടെ പാനലില്‍ കയറി കൂടുകയായിരുന്നു.
സിപിഎമ്മുമായി കേരളാ കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചപ്പോഴേ മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ മുറുമുറുപ്പ് തുടങ്ങിയിരുന്നു. കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സി.പി.എം ചെവികൊള്ളാതെ വന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ രണ്ട് സ്ഥാനാര്‍ഥികളും പിന്‍വലിഞ്ഞത്. സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമായിരുന്നു കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ പടി ചവിട്ടിയത്.
കോണ്‍ഗ്രസില്‍ രാജ്യസഭാസീറ്റ് വിട്ടുനല്‍കിയ പോലെ തങ്ങളുടെ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഎം തീരുമാനിച്ചതാണ് മാറിനില്‍ക്കാന്‍ കാരണമെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. തങ്ങളുടെയും ഘടകകക്ഷികളുടെയും സീറ്റുകള്‍ വെട്ടിചുരുക്കി കേരളാ കോണ്‍ഗ്രസിനെ ഉള്ളില്‍ പ്രവേശിപ്പിച്ച് തങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാതെ നില്‍ക്കുന്ന ബാങ്ക് ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് സി.പിഎമ്മിന്.കേരളാ കോണ്‍ഗ്രസ് സംസ്ഥാനസമിതിയംഗവും കഴിഞ്ഞ 25 വര്‍ഷമായി നിയോജകമണ്ഡലം പ്രസിഡന്റും നാല്‍പത് വര്‍ഷത്തോളമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും പ്രസിഡന്റുമായിരുന്ന കെ.പി.ദേവസ്യയാണ് യു.ഡി.എഫ് പാനലിലെത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖന്‍.
പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ മണ്ഡലം പ്രസിഡന്റും ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന ജെ.ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ.ജയ്‌സണ്‍ ജോസഫ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗവും ബാങ്ക് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ജോസ് അമ്പലക്കുളം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ് എന്നിവരാണ് യുഡിഎഫിനൊപ്പം മത്സരിക്കുന്ന മറ്റ് നേതാക്കള്‍.
യുഡിഎഫ് പാനല്‍ പ്രഖ്യാപിച്ച പിന്നാലെ ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ അറിയിക്കുകയായിരുന്നു. നിലവില്‍ ബാങ്കില്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ആറ് വീതവും മുസ്‌ലിം ലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. ഇപ്പോള്‍ യുഡിഎ ഫി നൊപ്പം മത്സരരംഗത്തുള്ള ആന്‍സ് വര്‍ഗീസ് ഒഴികെ നാല് പേരും നിലവില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നു. ഇവര്‍ നാല് പേരും സീറ്റ് ചോദിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലത്രേ. അവസാനം നിലവിലുള്ള ആറ് പേരില്‍ മൂന്ന് പേര്‍ക്ക് മാത്രം സീറ്റ് കൊടുക്കാമെന്നായി നേതൃത്വം. ഇതോടെയാണ് ഇവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി യുഡിഎഫിലെത്തിയത്. യുഡിഎഫ് പാനലില്‍ കേരളാ കോണ്‍ഗ്രസിന്റെ അഞ്ച് പ്രതിനിധികളെ കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് ഏഴ് പേരും മുസ്ലിം ലീഗില്‍ നിന്ന് ഒരാളുമാണ് മത്സരരംഗത്തുള്ളത്.
അതേസമയം കേരളാ കോണ്‍ഗ്രസ് (എം) ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായ എട്ട് പേരുള്‍പ്പെടെ 36 പേരുടെ പത്രിക അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിലവിലെ അംഗങ്ങളായ ജോഷി ഇലഞ്ഞിയില്‍, ആനി ലൂക്കോസ് എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് ഇടതുപാനലില്‍ കയറിപ്പറ്റിയത്.
ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ക്കു പകരം മറ്റുള്ളവരെ യുഡിഎഫ് പാനലില്‍ ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സഖ്യമുണ്ടാക്കിയ സമയത്ത് കെ.എം.മാണിയും പാര്‍ട്ടിയും യുഡിഎഫിന്റെ ഭാഗമായിരുന്നില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."