പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
കണ്ണൂര്‍: പെരുനാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പെരുന്നാള്‍ അടുത്തതോടെ കണ്ണൂര്‍ നഗരത്തിലെ വസ്ത്രസ്ഥാപനങ്ങളിലും വഴിയോര കച്ചവടങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ പത്തുമുതല്‍ ആരംഭിക്കുന്ന കച്ചവടം തിരക്കു കാരണം രാത്രി പത്തുവരെയും നീളുന്ന കാഴ്ചയാണ്.
വസ്ത്രവിപണിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില ഇത്തവണ വര്‍ധിച്ചിണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഇത്തവണ ഏറെ വൈവിധ്യങ്ങളോടെയാണ് വസ്ത്രവിപണി ഒരുങ്ങിയിട്ടുള്ളത്. ചുരിദാര്‍, സാരി, ജീന്‍സ്, ടീ ഷര്‍ട്ട്, കുഞ്ഞുടുപ്പുകള്‍ തുടങ്ങി നിറപ്പകിട്ടാര്‍ന്നതും ഗുണനിലവാരമുള്ളതുമായ വസ്ത്രങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നത്. യുവതീയുവാക്കളെ ലക്ഷ്യമിട്ട് ഫാഷന്‍ വസ്ത്രങ്ങളും വിപണി കയ്യടക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് ഇത്തവണ കാപ് ടോപ്, സ്‌കര്‍ട്ട് ടോപ് മോഡലുകള്‍ക്കാണ് ഏറെ പ്രിയം. ഡോളി പോളി, ചാര്‍ലി ബ്രാന്‍ഡുകള്‍ തേടിയും നിരവധി പേര്‍ എത്തുന്നു. പെണ്‍കുട്ടികള്‍ക്ക് ഗൗണിനും ഏറെ ആവശ്യക്കാരുണ്ട്. 800 മുതല്‍ 2800 വരെയാണ് ഇവയുടെ വില. സ്ത്രീകളും കുട്ടികളുമുള്ള വസ്ത്രങ്ങള്‍ക്ക് ഇത്തവണ വന്‍ വിലക്കയറ്റമാണുള്ളത്. ഫ്‌ളോര്‍ ലങ്ത്ത് ചൂരിദാറിന് 1200 മുതലാണ് വിലതുടങ്ങുന്നത്. ചുരിദാര്‍, സാരി, പര്‍ദ്ദ, ഉടുപ്പുകള്‍, ടോപ്പുകള്‍ എന്നിവയൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നു. റമദാന്‍ വിപണി ലക്ഷ്യമിട്ട് വസ്ത്രമേഖലയില്‍ പുതിയ ട്രെന്‍ഡുകളുമെത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് ഡനിം ഷര്‍ട്ട്, പ്രിന്റഡ് ഷര്‍ട്ട് എന്നിവയാണ് പുതിയ ട്രന്റ്. 390 മുതല്‍ 3000 രൂപവരെ ഈ ഇനങ്ങള്‍ക്ക് വിലയുണ്ട്. കടുത്ത നിറങ്ങളിലുള്ള, തുന്നല്‍പ്പണിയും ചിത്രവേലകളും നിറഞ്ഞ വസ്ത്രങ്ങള്‍ക്കും ഷിഫോണ്‍, സിന്തറ്റിക് തുണിയിലുള്ള ചുരിദാറുകള്‍ക്കും ഉടുപ്പുകള്‍ക്കും ആവശ്യക്കാരേറെയാണ്.
എന്നാല്‍ പലേടത്തും വന്‍തുകയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്. കഴിഞ്ഞ റമദാനില്‍ 600 രൂപയ്ക്ക് ലഭിച്ച ചുരിദാറുകള്‍ക്ക് 1500-2000 രൂപയാണ് ഇക്കുറി വില. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 500 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ പെരുന്നാളിന് 1000-1500 രൂപ വിലയുണ്ടായിരുന്ന പര്‍ദയ്ക്ക് 2500-3000 രൂപയായി. സ്ത്രീകള്‍ ഉപയോഗിക്കുന്ന കോട്ടണ്‍ ഷാളുകളുടെ വിലയിലും ഇരട്ടിയിലധികം വര്‍ധനയുണ്ടായിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആശ്വാസമായി ഫുട്പാത്ത് കച്ചവടവും സജീവമാണ്. ഇടയ്ക്കിടെ പെയ്യന്ന മഴ നഗരത്തിലെ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."