പാലക്കാട് ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും: മന്ത്രി
ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍കൃഷിയുടെ ഉഴവുകൂലി പാലക്കാട് ജില്ലയില്‍ മുഴുവനായി നടപ്പിലാക്കാന്‍ ഏകദേശം 32 കോടി രൂപ ആവശ്യമാണെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും ആവശ്യമായ സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8,999 ഹെക്ടര്‍ സ്ഥലത്തിന് വേണ്ടി 4,480 ലക്ഷം രൂപ അനുവദിച്ചു. അധിക തുക അനുവദിക്കും. തുക ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍കൃഷിയുടെ ഉഴവുകൂലി പാലക്കാട് ജില്ലയില്‍ മുഴുവനായി നടപ്പിലാക്കാന്‍ ഏകദേശം 32 കോടി രൂപ ആവശ്യമാണെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴുകോടി രൂപ മാത്രമാണ് ജില്ലാ പഞ്ചായത്ത് ഈ ഇനത്തില്‍ വകകൊളളിച്ചിട്ടുളളത്. കൂടാതെ മൂന്നുകോടി രൂപയുടെ ക്ലെയിമുകള്‍ കുടിശികയുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഈ ധനസഹായം എല്ലാ കര്‍ഷകര്‍ക്കും നല്‍കുവാന്‍ സാധിച്ചിട്ടില്ല.
എല്ലാ കര്‍ഷകര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നതിനും കൂടുതല്‍ തുക കാര്‍ഷികമേഖലയ്ക്ക് അനുവദിക്കുന്ന തരത്തില്‍ ജനകീയാസൂത്രണ പദ്ധതി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് കൃഷി വകുപ്പുമായി ചര്‍ച്ച ചെയ്തായിരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ കെ. കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."