മുനിയാട്ടുകുന്ന് ഇനി സംരക്ഷിത മേഖല: പുരാവസ്തു വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു
പുതുക്കാട് : മുനിയാട്ടുകുന്നിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടികള്‍ക്ക് പുരാവസ്തു വകുപ്പ് തുടക്കം കുറിച്ചു.
അവശേഷിക്കുന്ന മുനിയറകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുനിയാട്ടുകുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
മുനിയറകള്‍ സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാണെന്നും സ്മാരകങ്ങള്‍ കേടുവരുത്തുകയോ വിരൂപമാക്കുകയോ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് അറിയിപ്പ്.
ഇതനുസരിച്ചു പ്രാചീന സ്മാരക പുരാവസ്തു സങ്കേത, പുരാവശിഷ്ട നിയമം മുപ്പതാം വകുപ്പു പ്രകാരം മൂന്നുമാസം കഠിന തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഇതുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടറുടെ അറിയിപ്പാണ് മുനിയാട്ടുകുന്നില്‍ സ്ഥാപിച്ചത്.
ക്വാറി പ്രവര്‍ത്തനങ്ങള്‍ മൂലം നാശത്തിന്റെ വക്കിലായ മുനിയാട്ടുകുന്നിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നു ആവശ്യപ്പെട്ട് മുനിയാട്ടുകുന്ന് സംരക്ഷണ സമിതി പുരാവസ്തു വകുപ്പിനു നിവേദനം നല്‍കിയിരുന്നു.
രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള മുനിയറകളെ കുറിച്ച് പഠനം നടത്തുമെന്നും മുനിയറകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.
ശിലായുഗത്തിന്റെ അവശേഷിപ്പുകളായ 12 മുനിയറകളുടെ സമുച്ചയമാണു മുനിയാട്ടുകുന്നിലെന്നാണു പുരാവസ്തു വകുപ്പിന്റെ രേഖകളില്‍ പറയുന്നത്. ഇതില്‍ കണ്ടെത്തിയിട്ടുള്ള ഒരു സമുച്ചയത്തിലെ ഒരു മുനിയറ മാത്രമാണു ഇപ്പോള്‍ അവശേഷിക്കുന്നത്. 12 അടി നീളമുള്ള കരിങ്കല്‍ പാളികൊണ്ടു നിര്‍മിച്ച മുനിയറകളില്‍ പൗരാണിക കാലത്തു മുനിമാര്‍ താമസിച്ചിരുന്നുവെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."