അതുപോലുള്ള ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാവും; കെ.എം ഷാജിക്കെതിരെ പിണറായി വിജയന്‍
തിരുവനന്തപുരം: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സക്കാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കെ.എം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.
കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ; CBI ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്
എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ!!
നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!
അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം!!
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോള്‍ 'എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര' എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍!!
ഇതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം
ഇത് ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന കാര്യമാണോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല.
കെ.എം ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി ഈ കാര്യത്തില്‍ സഹകരിച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു കാര്യം, ശുദ്ധ നുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്? എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്?
അതുപോലുള്ള ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാവും. അതാണ് പൊതുസമൂഹമെന്ന് കാണരുത്, അതാണ് നാടെന്നും തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തില്‍ ഒന്നിച്ചുനില്‍ക്കുകയാണ്.
ചിലര്‍ ഒറ്റപ്പെട്ട രീതിയില്‍ എന്തെങ്കില്‍ ഗ്വാ.. ഗ്വാ.. ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കണക്കാക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."