കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
കാസര്‍കോട്:തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു മാറണമെന്നും മലയോര മേഖലകളിലൂടെയുള്ള രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരും ജാഗരൂകരായിരിക്കണം. വല, വള്ളം, ബോട്ട് മുതലായ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റണം. വിനോദസഞ്ചാര മേഖലകളില്‍ എത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയ നിര്‍ദേശങ്ങളും അനുസരിക്കണം.
അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ച് ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണം. അല്ലാത്ത പക്ഷം ഈ മരങ്ങള്‍ വീണുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ആ വ്യക്തി തന്നെ ഉത്തരവാദിയായിരിക്കും.
കൊതുക് മുട്ടയിട്ടുപെരുകുവാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി.
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം:
ഫോണ്‍: 04994 257700
മൊബൈല്‍ വാട്ട്‌സ്ആപ്പ്: 9446601700
ടോള്‍ ഫ്രീ നമ്പര്‍: 1077
താലൂക്ക് ഓഫിസ്, കാസര്‍കോട് 04994230021
താലൂക്ക് ഓഫിസ്, മഞ്ചേശ്വരം 04998244044
താലൂക്ക് ഓഫിസ്, ഹോസ്ദുര്‍ഗ് 04672204042
താലൂക്ക് ഓഫിസ്, വെള്ളരിക്കുണ്ട് 04672242320
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."