നീലേശ്വരം മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കു ദുരിതം
നീലേശ്വരം: നീലേശ്വരം മത്സ്യമാര്‍ക്കറ്റിലെ സ്ത്രീ തൊഴിലാളികള്‍ ദുരിതം പേറുന്നു. ദേശീയപാതയോരത്തെ മാര്‍ക്കറ്റില്‍ മലിനജലത്തിലിരുന്നാണ് ഇവര്‍ വില്‍പന നടത്തുന്നത്. താല്‍ക്കാലികമായി നിര്‍മിച്ച പ്ലാസ്റ്റിക് ഷെഡിലാണ് ഇവരുടെ വില്‍പന. കാലപ്പഴക്കം മൂലം ഇതു കീറിപ്പറിഞ്ഞതോടെ ഷെഡിനകത്തും ചെളിവെള്ളം കയറാന്‍ തുടങ്ങി. കൂടാതെ ഇവര്‍ക്കു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഇവിടെയില്ല. ഇവര്‍ തന്നെ നിര്‍മിച്ച പ്ലാസ്റ്റിക് മറയാണ് മൂത്രപ്പുരയായി ഉപയോഗിക്കുന്നത്.
മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതു മൂലമുണ്ടാകുന്ന ദുര്‍ഗന്ധം അസഹനീയമാണ്. ആവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കാത്തതു കൊണ്ടുതന്നെ ഇവര്‍ നഗരസഭയ്ക്ക് ചന്തവാടകയും നല്‍കാറില്ല.
മെയിന്‍ ബസാറിലും പേരോലിലും റോഡരികില്‍ തന്നെയാണു വില്‍പന. നീലേശ്വരത്ത് ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റു നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി 10 ലക്ഷം രൂപ നഗരസഭ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതു നടപ്പിലായാല്‍ തൊഴിലാളികളുടെ ദുരിതത്തിന് അറുതിയാകും.
അതോടൊപ്പം പേരോലില്‍ ഉപയോഗിക്കാതെ കിടക്കുന്ന മത്സ്യമാര്‍ക്കറ്റിന്റെ ആധുനിക വല്‍ക്കരണത്തിനായി ആറു ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."