താലൂക്ക് പരിസരത്തുളള കസ്റ്റഡി വാഹനങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും
പട്ടാമ്പി: നഗരസഭാ പരിസരത്ത് റവന്യു അധികൃതര്‍ പിടിച്ചെടുത്ത കസ്റ്റഡി വാഹനങ്ങള്‍ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പറഞ്ഞു.
കോണ്‍ഫറസ് ഹാളില്‍ നടന്ന യോഗത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. വികസന സമിതി യോഗത്തില്‍ പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
വിവിധ വകുപ്പ് തലങ്ങളിലുളള ഉദ്യോഗസ്ഥന്‍മാര്‍ പരസ്പരം പഴിചാരി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുന്നതില്‍ അലംഭാവം കാണിക്കുന്നത് ശരിയല്ലെന്നും എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയുടെ സുരക്ഷ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണല്‍കടത്ത് സംഘങ്ങളെ റവന്യു വകുപ്പ് അധികൃതര്‍ കാര്യക്ഷമമായി പിടികൂടണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
അതെ സമയം പിടിച്ചെടുത്ത മണലുകള്‍ ഇടാനുളള സ്ഥലമില്ലാത്തതിനെ സംന്ധിച്ച് മണല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ എല്ലാ വകുപ്പുകളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ക്ക് പരിഹാരം കാണാനും ഉദ്യോഗസ്ഥന്‍മാര്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു.
നിലവിലെ ജോലിയില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ അധിക ജോലി എടുക്കുന്നതിലെ പ്രയാസവും പൊലിസ്, കൃഷി, ആരോഗ്യം, റവന്യു എന്നീ ഉദ്യോസ്ഥര്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. യോഗത്തില്‍ തഹസില്‍ദാര്‍ വിഭൂഷന്‍, ബ്ലോക്ക് പ്രസിഡന്റ് കമ്മുകുട്ടി എടത്തോള്‍, താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."