കെ.എം ഷാജിക്കെതിരേ വിജിലന്‍സ് കേസ് പ്രതികാര നടപടിയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രതിപക്ഷ എം.എല്‍.എ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അതിന് മാന്യമായി മറുപടി പറയുകയാണ് വേണ്ടതെന്നും എന്നാല്‍ സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കെ.എം ഷാജിക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയാണ്. പാര്‍ട്ടിയില്‍ പോലും ഇതുവരെ കേള്‍ക്കാത്ത കേസാണിത്. ഇതിലൂടെ കേസ് എടുത്തവരുടെ വിശ്വാസ്യതക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാതെ പുതിയ വിവാദങ്ങളുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.നിലവില്‍ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല. കേന്ദ്രത്തില്‍ ചെയ്യുന്ന പോലെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസ് എടുക്കുകയാണെങ്കില്‍ വിജിലന്‍സിന്റെയും സര്‍ക്കാരിന്റെയും വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നേരിടും: കെ.പി.എ മജീദ്
കോഴിക്കോട്: നരേന്ദ്രമോദി കാണിക്കുന്ന അതേ അടവാണ് പിണറായി വിജയനും പിന്തുടരുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. ഇത് രാഷ്ട്രീയമായ പ്രതികാര നടപടിയാണെന്ന് ആര്‍ക്കും മനസിലാകും. മുസ്‌ലിംലീഗ് ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
സി.പി.എമ്മിനുവേണ്ടി കൊലപാതകം നടത്തിയവരെ രക്ഷിക്കാന്‍ പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിക്കുന്നതായി തുറന്നടിച്ച കുറ്റത്തിനാണ് ഷാജിയെ ഇടതു സര്‍ക്കാര്‍ വേട്ടയാടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം പകപോക്കലിലേക്ക് നീങ്ങുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഫാസിസം: യൂത്ത് ലീഗ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരേ കള്ളപ്പരാതി നല്‍കി വിജിലന്‍സിനെക്കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്ട്രീയ ഫാസിസമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
ആറു വര്‍ഷം മുമ്പ് നടന്നെന്നു പറയപ്പെടുന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. വിമര്‍ശിക്കുന്നവരെ കേസില്‍പെടുത്തുകയെന്ന നരേന്ദ്രമോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നത്.
നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസ് പൊടിതട്ടിയെടുത്താണ് സഞ്ജീവ് ഭട്ടിനെ കേസില്‍പെടുത്തിയത്. അത്തരം ശൈലി കേരളത്തില്‍ കൊണ്ടുവരാന്‍ ജനാധിപത്യ കേരളം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായി നേരിടും: സാദിഖലി തങ്ങള്‍
കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള നീക്കത്തെ മുസ്ലിംലീഗ് ശക്തമായി നേരിടുമെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്നു പറയുന്നതും ആരോപിച്ചവര്‍ക്കു പോലും തെളിവിന്റെ ഒരു കണിക കാണിച്ചു കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഒരു ചര്‍ച്ചപോലും ആവാതെ മാഞ്ഞുപോയ വ്യാജ ആരോപണമാണിത്.അത് വീണ്ടും പൊടി തട്ടിയെടുത്ത സാഹചര്യം മാത്രം പരിശോധിച്ചാല്‍ അതിനു പിന്നിലെ രാഷ്ട്രീയ താല്‍പര്യം ബോധ്യമാകും. മുഖ്യമന്ത്രിക്കെതിരേ കെ.എം ഷാജി ചില രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന്റെ പിറ്റേന്നാണ് കേസെടുത്തത്. ഈ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."