അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടത് രണ്ടു കോടിയിലേറെ പേര്‍ക്ക്
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം മൂലം പ്രയാസം നേരിടുന്ന അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം 52 ലക്ഷം ആളുകള്‍ക്കൂടി തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചതോടെ, തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി രാജ്യത്ത് അപേക്ഷിച്ചവരുടെ എണ്ണം 2.2 കോടി പിന്നിട്ടു. നാലാഴ്ചകള്ക്കിടെയാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടായത്.
ഇതോടെ രാജ്യത്ത് ഏഴിലൊന്നു പേര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.അതേസമയം, ചൈനയിലെ സാമ്പത്തിക രംഗത്ത് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 6.8 ശതമാനത്തിന്റെ നഷ്ടമുണ്ടായതായി ചൈനീസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 44 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.എന്നാല്‍, അമേരിക്കയില്‍ കൊവിഡ് കാരണം കനത്ത പ്രതിസന്ധി തുടരുമ്പോഴും കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാജ്യം കൊവിഡിന്റെ ഗുരുതരാവസ്ഥ പിന്നിട്ടതായി പ്രഖ്യാപിച്ച അദ്ദേഹം, ഘട്ടം ഘട്ടമായുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരുന്നത്. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."