ആശ്വാസത്തിന്റെ കൈത്തലം നീട്ടിയ ആസ്യക്ക് നാടിന്റെ യാത്രാമൊഴി
എകരൂല്‍: വള്ളിയോത്ത് എ.എം.എല്‍.പി സ്‌കൂളില്‍ ഒരു തലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കിയ മാടംവെളുകണ്ടി ആസ്യ വിടപറഞ്ഞു. പ്രദേശത്തെ ഏകദേശം 30 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും സുപരിചിതയാണ് സ്‌കൂള്‍ കാലത്തെ അവരുടെ വിശപ്പടക്കിയ സ്‌നേഹനിധിയായിരുന്ന ആസ്യതാത്ത.
ഇല്ലായ്മയുടെ അന്നത്തെ കാലത്ത് വിശപ്പും സഹിച്ച് മദ്‌റസ വിട്ട് സ്‌കൂളിലേക്കു വരുന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്തലമായിരുന്നു അവര്‍ നീട്ടിക്കൊടുത്തത്. സ്‌കൂളിലെ രണ്ടു പിരിയഡിനു ശേഷമുള്ള ആദ്യത്തെ മണിയടി കേട്ടാല്‍ കൂട്ടത്തോടെ കുട്ടികള്‍ പാത്രവുമെടുത്ത് പിറകിലെ കഞ്ഞിപ്പുരയിലേക്ക് ഓടും. അപ്പോഴേക്കും ഒരു പാത്രത്തില്‍ ആശ്വാസത്തിന്റെ ഉപ്പിട്ട കഞ്ഞിവെള്ളം റെഡിയായിട്ടുണ്ടാകും. അതില്‍ കരുണയുടെ അല്‍പം വറ്റും.
തിരക്കു കൂട്ടുന്ന ആ പാത്രങ്ങള്‍ക്കിടയിലേക്ക് താത്തയുടെ സ്‌നേഹക്കഞ്ഞിയുടെ കൈകള്‍ നീളും. ഓടിക്കളിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചും കശപിശകള്‍ക്ക് നടുവില്‍ മധ്യസ്ഥത വഹിച്ചും കുട്ടികളുടെ ചെറിയ പരുക്കുകള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയും ആസ്യതാത്ത സ്‌കൂള്‍ വിട്ട് പോകുന്നതുവരെ കുട്ടികളോടൊപ്പം തന്നെ ഉണ്ടാകും. വയര്‍സംബന്ധമായ രോഗം കാരണം ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."