സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലിസ്
ഫറോക്ക്: അരക്കിണറില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്ത്രീയുടെ മരണം കൊലപാതകമാണെന്നു പൊലിസ് സ്ഥിരീകരിച്ചു. അരക്കിണര്‍ അനുഗ്രഹ ഓഡിറ്റോറിയത്തിനു സമീപം റുക്‌സാന മന്‍സിലില്‍ കെ.പി ആമിന (65) യെയാണ് കഴിഞ്ഞദിവസം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേറ്റതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് കൊലപാതകമാണെന്നു പൊലിസ് ഉറപ്പിച്ചത്. കൂടാതെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഏറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി അരക്കിണറിലെ വീട്ടില്‍ ആമിന തനിച്ചാണ് താമസം. മക്കളും ബന്ധുക്കളും ദിവസവും സഹായത്തിനെത്താറുണ്ട്. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ പേരമകനാണ് രക്തം വാര്‍ന്നൊലിച്ച നിലയില്‍ മൃതദേഹം കണ്ടത്. സ്ത്രീയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ പൊലിസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ബേപ്പൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
മരണകാരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതോടെ അസി. കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ പൊലിസ് തെളിവുകള്‍ ശേഖരിച്ചു. പരിസരവാസികളായ ഓട്ടേറെ പേരില്‍ നിന്നു പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു. കോസ്റ്റല്‍ സി.ഐ പി.ആര്‍ സതീശനാണ് അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."