ചെല്ലാനത്ത് കടല്‍ക്ഷോഭം; വീടുകള്‍ വെള്ളത്തില്‍
ചെല്ലാനം: ചെല്ലാനത്ത് വീണ്ടും കടല്‍ക്ഷോഭം. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ വീണ്ടും കയറിയത്. രാവിലെ 11 മണിയോടെ ശക്തിയായ കാറ്റുണ്ടായി. ചെല്ലാനത്ത് പല വീടുകളുടെയും ഓടുകളും ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. മീന്‍പിടുത്ത വള്ളങ്ങള്‍ കടലില്‍ ഇറങ്ങിയില്ല.
ചെല്ലാനം കമ്പനിപ്പടി, ആലുങ്കല്‍ കടപ്പുറം, ചെല്ലാനം ബസാര്‍, മറുവക്കാട് എന്നി പ്രദേശങ്ങളിലാണ് ശക്തമായ കടല്‍കയറ്റം ഉണ്ടായത്. വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീട്ടുപറമ്പുകളിലൂടെ സമീപത്തെ ഉപ്പത്തക്കാട് തോട്ടിലേക്ക് ഒഴുകി. തോടിനു സമീപത്തെ വീടുകള്‍ വെള്ളത്തിലായി. പലരും വീട് വിട്ട് ബന്ധു ഗൃഹങ്ങളിലേക്ക് മാറി. കടലാക്രമണത്തെ തടയാന്‍ അധികൃതര്‍ യന്ത്രസഹായത്തോടെ നിര്‍മിച്ച മണല്‍ വാട കടല്‍ കയറി നശിച്ചു.
മണ്ണ നിറച്ച് കടലാക്രമണത്തെ താല്‍ക്കാലികമായി തടയാനായി ഇറിഗേഷന്‍ വകുപ്പ് ഒന്നര മീറ്റര്‍ നീളമുള്ള ജിയോ ബാഗുകളാണ് തീരപ്രദേശങ്ങളില്‍ നല്കി വരുന്നത്. ഞായറാഴ്ച ബസാര്‍ ഭാഗത്ത് 200 ബാഗുകള്‍ എത്തിച്ചു.
കടല്‍വെള്ളം ശക്തിയായി ഒഴുകി പോകുന്ന ഉപ്പത്തക്കാട് തോട് തെക്കേ ചെല്ലാനം മുതല്‍ ബസാര്‍വരെയെങ്കിലും ആഴംകൂട്ടണമെന്നും മണല്‍വാട കെട്ടുന്നതിന് 1000 ജിയോ ബാഗ് അടിയന്തരമായി അനുവദിക്കണമെന്നും പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."