നേര്യമംഗലം പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം
കോതമംഗലം: ബലക്ഷയം നേരിടുന്ന ചരിത്ര പ്രാധാന്യമുള്ള നേര്യമംഗലം പാലം അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോതമംഗലം താലൂക്കിനെ ഇടുക്കി ജില്ലയോട് ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് നേര്യമംഗലം പാലം. പാലത്തിനു മുകളിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര പാലത്തിന് ബലക്ഷയം സംഭവിക്കാന്‍ ഇടയാക്കുന്നതായി സംബന്ധിച്ച റിപ്പോര്‍ട്ട് ദേശിയപാത വിഭാഗത്തിന്റെ ചീഫ് എന്‍ജിനിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് വിവരം. പാലത്തിന്റെ ബലക്ഷയം സംഭവിച്ചതായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ദേശിയപാത വിഭാഗത്തിന്റെ ഇടപെടലുണ്ടാകുന്നത് ഇതാദ്യമായാണ്.
പാലത്തിന് മുകളിലൂടെ ഒന്നിലേറെ ഭാരവാഹനങ്ങള്‍ നിയന്ത്രണമേതുമില്ലാതെ ഒരേ സമയം കടന്നുപോകുന്നത് സംബന്ധിച്ച പരാതിയുമായി നാട്ടുകാരും രംഗത്തെത്തി. ഒരേ സമയം പാലത്തിലൂടെ രണ്ട് ചെറിയവാഹനങ്ങളോ ഒരു വലിയ വാഹനമോ മാത്രമേ കടന്നു പോകുകയുള്ളു. എന്നാല്‍ വാഹനമോടിക്കുന്നവര്‍ തമ്മിലുള്ള മത്സരബുദ്ധി പലപ്പോഴും പാലത്തിന്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. കെട്ടിട നിര്‍മാണത്തിനാവശ്യമായ പാറപ്പൊടിയും മറ്റും രാത്രികാലങ്ങളിലാണ് ഇടുക്കിയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത്. രാത്രിയില്‍ പാലം വിജനമാകുന്നതോടെ 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ഒന്നിലധികം ടോറസുകള്‍ ഒരേ സമയം പാലത്തില്‍ കയറും പാലത്തിന്റെ ബലക്ഷയത്തിന് ഇടയാക്കുന്നു.
പണ്ട് കൊച്ചിയില്‍ നിന്നും തട്ടേക്കാട് പൂയംകുട്ടി മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാരവ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ രാജപാത വഴിയായിരുന്നു. 1924ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി. പൂയംകുട്ടി മുതല്‍ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞു. തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങള്‍ ഇല്ലാതായി. തുടര്‍ന്ന് ആലുവ മുതല്‍ മൂന്നാര്‍ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിര്‍മിക്കാന്‍ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. സമീപവാസികളുടെ സഹകരണത്തോടെ പത്തു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. 214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയും 300 അടി ഉയരവുമാണ് നേര്യമംഗലം പാലത്തിനുള്ളത്. 1920ല്‍ നിര്‍മ്മാണം ആരംഭിച്ച് 1935ല്‍ ഗതാഗതത്തിനായി തുറന്നു നല്‍കിയ പാലത്തിന് 83 വര്‍ഷത്തെ പഴക്കമുണ്ട്.
ഇടുക്കി ജില്ലയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിന് മുഖ്യപങ്കു വഹിച്ച നേര്യമംഗലം പാലത്തിന്റെ കാലപ്പഴക്കം കൊണ്ടുള്ള അപകട സാധ്യതയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."