മഴയക്ക് കൂട്ടായി ചുഴലിക്കാറ്റും: ജില്ലയില്‍ വ്യാപക നാശം
കോട്ടയം: മഴയോടൊപ്പമെത്തിയ ചുഴലിക്കാറ്റ് കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശമുണ്ടായി. ഇന്നലെ രാവിലെ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരം വീണും മേല്‍ക്കൂര പറന്നു പോയും 50 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
10ലധികം വൈദ്യുതി പോസ്റ്റിലേക്ക് മരങ്ങള്‍ വീണ് വൈദ്യുതി ബന്ധവും തകരാറിലായി. നിലച്ച വൈദ്യുതി ബന്ധം വൈകിട്ടും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ രാവിലെ 11.15നാണ് കനത്തമഴക്കൊപ്പം കാറ്റ് വീശിയിടിച്ചത്. അഞ്ചുമിനിറ്റോളം നീണ്ട കാറ്റില്‍ പരിഭ്രാന്തരായ പലരും വീടുവിട്ട് ഇറങ്ങിയോടിയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.നഗരസഭ 45ാം (കാഞ്ഞിരം) വാര്‍ഡിലെ കാരാപ്പുഴ, തിരുവാതുക്കല്‍, പൂവേലിച്ചിറ, മാക്കീല്‍പാലം പ്രദേശങ്ങളിലെ 15 ഉം മൂലവട്ടം തുരുത്തുന്മേല്‍ചിറയില്‍ ഏഴും നാട്ടകം ഗസ്റ്റ്ഹൗസിന് സമീപം 12ഉം തൃക്കെയില്‍ ശിവക്ഷേത്രത്തിന് സമീപം ആറും പനച്ചിക്കാട് പഞ്ചായത്തില്‍ ഏഴും വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊടൂരാറിന്റെ കൈവഴിയായ തോട്ടില്‍ 15 മരങ്ങള്‍ കടപുഴകിവീണു.
പുളി, മഹാഗണി, വാകമരം, ആഞ്ഞിലി, മാവ് ഉള്‍പ്പെടെയുള്ള വന്‍ മരങ്ങളാണ് കടപുഴകിയത്. ഗ്രാവ് പാടശേഖരത്തോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ആറ് വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. പാടശേഖരത്തിനും കൈതോടിനും ചേര്‍ന്നുള്ള ചെറിയവീടുകളുടെ മേല്‍ക്കൂരയാണ് പറന്നുപോയത്.
കാരാപ്പുഴ തെക്കേവാലയില്‍ ഓട്ടോഡ്രൈവര്‍ ശശി വാടകക്ക് താമസിക്കുന്ന പഴയ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. മേല്‍ക്കൂരയില്‍ പടുത വിരിച്ച് താല്‍ക്കാലിക സംവിധാനമൊരുക്കി. പറമ്പിലെ പുളിയും മാവും കടപുഴകി സമീപത്തെ പൊന്നപ്പന്റെ രണ്ടുനിലകെട്ടിടത്തിന്റെ മുകളില്‍ തട്ടിനില്‍ക്കുകയാണ്. ഇത് എപ്പോള്‍ വേണമെങ്കിലും നിലപൊത്താവുന്ന സ്ഥിതിയാണ്. പൊന്നപ്പന്റെ വീട്ടിലെ എ.സി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നശിച്ചു. കാരാപ്പുഴ മാക്കീല്‍പാലം മണിമന്ദിരം രാജുവിന്റെ വീടിന് മുകളിലേക്ക് അയല്‍വാസിയുടെ മാവ് കടപുഴകി വീണു.
രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും വീടിനുമുകളില്‍ കിടന്ന മരം മുറിച്ചുമാറ്റാനുള്ള ഉപകരണങ്ങളില്ലെന്ന് പറഞ്ഞ് മടങ്ങിയതായി പരാതിയുണ്ട്. തുടര്‍ന്ന് നാട്ടുകാരിലൊരാളുടെ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മരം നീക്കിയാണ് അപകടം ഒഴിവാക്കിയത്. മാക്കീല്‍പാലം കളപ്പുരയില്‍ മോഹന്‍ദാസ്, പൂവേലിച്ചിറ മണിയമ്മ എന്നിവരുടെ ഓടുമേഞ്ഞ മേല്‍ക്കൂരയും പറന്നുപോയി.
രോഗിയായ മോഹന്‍ദാസ് പുറത്തായിരുന്നു. കാറ്റിന്റെ ശബ്ദം കേട്ട് മകള്‍ പുറത്തേക്കിറങ്ങിയത് മൂലം അപകടമൊഴിവായി. മുകള്‍ഭാഗത്ത് പടുത ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. പൂവേലിച്ചിറ പാപ്പാലിയില്‍ മോഹനന്‍, പാപ്പാലിയില്‍ അമ്മിണി, പൂവേലിച്ചിറ ഓലോട്ടത്തില്‍ അപ്പുക്കുട്ടന്‍ എന്നിവരുടെ വീടുകള്‍ മരംവീണ് ഭാഗികമായി തകര്‍ന്നു.
കാരാപ്പുഴ എസ്.എന്‍.ഡി.പിക്ക് സമീപം കമ്മാടവില്‍ എസ്.കെ. സുകുമാരന്‍, കാരാപ്പുഴ അമ്പലക്കടവിന് സമീപം വയലത്തറ മാലിയില്‍ ശ്യാമളന്‍, വയലത്തറ സുരേഷ് ഷണ്‍മുഖന്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരംവീണ് കേടുപാടുണ്ടായി. കാരാപ്പുഴ അമ്പലക്കടവ് എസ്.എന്‍.ഡി.പിക്ക് സമീപം 11.കെവി ലൈനില്‍ മരംവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം ഏറെ നേരത്തേക്ക് തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."