സംഘ്പരിവാറില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതേതരഐക്യം അനിവാര്യം: കാനം
തൃശൂര്‍: രാജ്യത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് തിരിച്ചുനടത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ഭരണം തൂത്തെറിയാന്‍ മതേതര ചിന്തകളുള്ള എല്ലാവരുടെയും ഐക്യമാണ് സി.പി.ഐ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ബി.ജെ.പിയുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചാണ് കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആലോചിച്ചത്. സംഘ്പരിവാര്‍ സംഘടനകളെ പരാജയപ്പെടുത്താന്‍ വിശാല ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം. മതേതരഐക്യം മുന്‍നിര്‍ത്തി ഇടതുനേതൃത്വത്തില്‍ വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു. പാര്‍ട്ടികോണ്‍ഗ്രസ് റിപ്പോര്‍ട്ടിങ്ങിന് വേണ്ടി തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം.
കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും രാഷ്ട്രീയസഖ്യം ഉണ്ടാക്കിയിട്ടില്ല. പക്ഷേ ബി.ജെ.പിക്കെതിരേ ചിന്തിക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കണം എന്നതാണ് ലക്ഷ്യം. ഇതിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരെ ഒറ്റക്കെട്ടാക്കി പോരാടുന്നതിനുള്ള വേദിക്ക് ശക്തിപകരുന്ന തീരുമാനങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായതെന്നും കാനം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും അധികാരം പിടിക്കുകയെന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് ബി.ജെ.പിയുടേതെന്നും കാനം പറഞ്ഞു. സി.എന്‍ ജയദേവന്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, കെ. പ്രകാശ്ബാബു, സത്യന്‍ മൊകേരി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സംസ്ഥാന കൗണ്‍സില്‍, ജില്ലാ കൗണ്‍സില്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."