രാജ്യത്തെ തൊഴിലിടങ്ങളില്‍ ലിംഗവിവേചനം പ്രകടം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരേ യോഗ്യതയോടെ ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീക്കും പുരുഷനും ശമ്പളകാര്യത്തില്‍ വലിയ അന്തരമുള്ളതായി പഠനം. ഇന്ത്യന്‍ നഗരപ്രദേശങ്ങളില്‍ ബിരുദധാരിയായ ഒരുസ്ത്രീ പ്രതിദിനം ശരാശരി 690 രൂപ ശമ്പളം വാങ്ങുമ്പോള്‍ ഇതേയോഗ്യതയുള്ള പുരുഷന്‍ സ്ത്രീയെക്കാള്‍ 30 ശതമാനം കൂടുതലായി 902 രൂപ വാങ്ങുന്നു. കാര്‍ഷികമേഖലയില്‍ നിരക്ഷരയായ ഒരുസ്ത്രീ 88 രൂപ സമ്പാദിക്കുമ്പോള്‍ നിരക്ഷരനായ പുരുഷന്‍ 128 രൂപ വാങ്ങുന്നതായും പഠനം പറയുന്നു.
കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയം തയാറാക്കിയ 'മെന്‍ ആന്‍ഡ് വുമണ്‍ ഇന്‍ 2017' എന്ന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. റിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നഗരത്തിലെയും ഗ്രാമത്തിലെയും 15 മുതല്‍ 55 വരെയുള്ള സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജോലിയുടെ സ്വഭാവവും ശമ്പളവും താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അതേസമയം, ചില മേഖലകളില്‍ മാത്രം പുരുഷനേക്കാള്‍ ചെറിയ അളവിലെങ്കിലും സ്ത്രീകള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ നിര്‍മാണരംഗത്ത് പുരുഷന് പ്രതിദിനം 279 രൂപ ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് 322 രൂപ ലഭിക്കുന്നുണ്ട്.
നഗരമേഖലയില്‍ ഗതാഗതരംഗത്ത് സ്ത്രീകള്‍ക്ക് 455 രൂപ ലഭിക്കുമ്പോള്‍ പുരുഷന് 443 രൂപ ശമ്പളമായി ലഭിക്കുന്നു. ഇതൊഴികെയുള്ള ബഹുഭൂരിപക്ഷം തൊഴിലിലും പുരുഷനാണ് സ്ത്രീകളെക്കാള്‍ ശമ്പളം വാങ്ങുന്നത്.
ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്തതോ നിരക്ഷരരോ ആയവര്‍ ജോലിചെയ്യുന്ന രംഗത്ത് പതിദിനം സ്ത്രീകള്‍ക്ക് 88ഉം പുരുഷനു 128ഉം രൂപ ലഭിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വരെ യോഗ്യതയുള്ള തൊഴിലുകളില്‍ സ്ത്രീക്ക് 107, പുരുഷന് 143 എങ്ങിനെയും ശമ്പളം ലഭിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യത ആവശ്യമായ തൊഴില്‍ മേഖലയില്‍ സ്ത്രീകളാണ് ശമ്പളത്തില്‍ മുന്നില്‍. ഇവിടെ സ്ത്രീക്ക് 351ഉം പുരുഷന് 274ഉം ലഭിക്കുന്നു.
ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ യോഗ്യതയുള്ള തൊഴിലില്‍ സ്ത്രീകളുടെ കണക്ക് ലഭ്യമല്ല. ഈ രംഗത്ത് പുരുഷന്‍ 670 രൂപ സമ്പാദിക്കുന്നു. നഗരമേഖലയിലെ വ്യാപാരരംഗത്ത് ഇതേയോഗ്യതയുള്ള സ്ത്രീകള്‍ 582 സമ്പാദിക്കുമ്പോള്‍ പുരുഷന് 335 രൂപയേ ലഭിക്കുന്നുള്ളൂ.
നഗരമേഖലയിലെ ബാക്കി തൊഴിലിടങ്ങളില്‍ പുരുഷന്റെയും സ്ത്രീയുടെയും ശമ്പളത്തിലുള്ള അന്തരം വളരെ നേരിയതാണ്. ബിരുദം, ബിരാദനന്തര ബിരുദധാരികളായ പുരുഷന് 466 രൂപയും ഇതേ രംഗത്തെ സ്ത്രീകള്‍ക്ക് 242 രൂപയും ലഭിക്കുന്നു. നഗരമേഖലയിലെ സേവനരംഗത്ത് സ്ത്രീക്ക് 48ഉം പുരുഷന് 632ഉം, സ്വകാര്യമേഖലയില്‍ സ്ത്രീക്ക് 102ഉം പുരുഷന് 211ഉം, ഖനനമേഖലയില്‍ സ്ത്രീക്ക് 468ഉം പുരുഷന് 946ഉം ലഭിക്കുന്നു. കൂടുതല്‍ ശമ്പളമുള്ള ജോലികളിലൊന്ന് ഖനനമേഖലയാണ്.
ഇവിടെ ബിരുദം, ബിരുദാനന്തര ബിരുദയോഗ്യതയുള്ള പുരുഷന്‍ പ്രതിദിനം ശരാശരി 1458 രൂപവരെ സമ്പാദിക്കുമ്പോള്‍ ഇതേ യോഗ്യതയുള്ള സ്ത്രീക്ക് ലഭിക്കുന്നത് 472 രൂപമാത്രമാണ്.
നഗരമേഖലയിലെ വൈദ്യുതി, ജലം, പാചകവാതകം മേഖലയിലാണ് സ്ത്രീകള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നത്. ഇവിടെ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ള പുരുഷന്‍ 1029 രൂപ വാങ്ങുമ്പോള്‍ 1014 രൂപ സ്ത്രീകളും വാങ്ങുന്നു.
സ്വകാര്യമേഖലകളിലാണ് സ്ത്രീകള്‍ക്കും പുരുഷനും ലഭിക്കുന്ന ശമ്പളത്തില്‍ ഏറ്റവും അന്തരമുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."