സംസം ഇനി വീടുകളിൽ ലഭ്യമാകും; വിതരണത്തിന് കമ്പനികളുമായി കരാർ
മക്ക: പുണ്യ ജലമായ മക്കയിലെ സംസം ഇനി മുതൽ വീടുകളിൽ ലഭ്യമാകും. ദേശീയ ജല കമ്പനിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതി പ്രകാരം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സംസം ജലം വിതരണം ചെയ്യുന്നതിനു വിവിധ കമ്പനികളുമായും കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. പുതിയ സേവനം ഹറംകാര്യ വകുപ്പ് മേധാവിയും കിംഗ് അബ്ദുല്ല സംസം പ്രോജക്ട് സൂപ്പർവൈസിംഗ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. കൊറോണ വ്യാപന പശ്ചാത്തലത്തിൽ താത്കാലികമാണ് ഈ പദ്ധതി. വൈറസ് ഭീഷണി നിലക്കുന്നതോടെ പുതിയ പദ്ധതി നിർത്തലാക്കുമെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമോകലി പറഞ്ഞു.
رئيس اللجنة الإشرافية لمشروع الملك عبدالله لسقيا زمزم يعلن بالتعاون مع شركة المياه الوطنية، البدء في توزيع عبوات مياه زمزم مؤقتاً من خلال منصة "هناك" وشركة "بنده" للتجزئة.https://t.co/I5xutT9Vj5#رئاسة_شؤون_الحرمين#كن_حلس_بيتك#كلنا_مسؤول#كورونا pic.twitter.com/ufsXzT70B5
— رئاسة شؤون الحرمين (@ReasahAlharmain) April 23, 2020
ആദ്യ ഘട്ടത്തിൽ മക്കയിലാണ് സംസം ബോട്ടിലുകൾ വീടുകളിൽ എത്തിച്ചു നൽകുക. ഉടൻ തന്നെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. വിശ്വാസികൾ നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാനും ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിന് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്താനും ഭരണാധികാരി സൽമാൻ രാജാവ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി.
അഞ്ചു ലിറ്ററിന്റെ സംസം ബോട്ടിലുകളാണ് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുക. വിതരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കമ്പനിയുമായും കരാർ ഒപ്പുവെച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും.
കൂടാതെ, മറ്റു വൻകിട റീട്ടെയിൽ കമ്പനികളുമായും സമാന ധാരണകളുണ്ടാക്കുന്നതിന് ശ്രമം നടക്കുകയാണെന്ന് കിംഗ് അബ്ദുല്ല സംസം പ്രോജക്ട് അറിയിച്ചു. പുതിയ സാഹചര്യത്തിൽ വിശ്വാസികൾക്ക് താൽക്കാലികമായി സംസം വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമോകലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."