മുഖ്യമന്ത്രിയുടെ മുഖം മിനുക്കുന്ന 'നാം മുന്നോട്ട് ' പരിപാടിക്ക് കോടികളുടെ ധൂര്‍ത്ത്: മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട് ' പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചെലവാകുന്നതിനാല്‍ ഇത് അടിയന്തരമായി റദ്ദു ചെയ്ത് പണം കൊവിഡ്-19 ഫണ്ടിലേക്കു മാറ്റണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട് 'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്‍കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ഈ പരിപാടി പഴയതുപോലെ ആക്കിയാല്‍ സര്‍ക്കാരിന് കോടികള്‍ ലാഭിക്കാമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്‍കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. നൂറിലധികം ഓഫിസര്‍മാരുള്ള പി.ആര്‍.ഡിയെയും കൂറ്റന്‍ സംവിധാനങ്ങളുള്ള സിഡിറ്റിനെയും മറികടന്നാണ് ഈ കരാറെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."