സ്വര്‍ണ വില്‍പന: പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സാധാരണക്കാരെ വെട്ടിലാക്കി
കൊച്ചി: സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് സാധാരണക്കാരെ വെട്ടിലാക്കി. അടിയന്തര ചികിത്സക്കും മറ്റും പണം കണ്ടെത്തുന്നതിന് സ്വര്‍ണംവില്‍ക്കാനായി ജ്വല്ലറികളില്‍ എത്തുന്ന സാധാരണക്കാരാണ് പ്രതിസന്ധിയിലാകുന്നത്. രണ്ടാം ശനി, നാലാം ശനി തുടങ്ങി ബാങ്ക് അവധിയുള്ള ദിവസങ്ങളിലും മറ്റുമാണ് അത്യാവശ്യം വരുന്നതെങ്കില്‍, വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പണം കൈയില്‍ വരാന്‍ രണ്ടുദിവസമെങ്കിലും കാത്തിരിക്കേണ്ടിവരും.
അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍രക്ഷാ ചികിത്സകളെപ്പോലും ഇത് ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ധനകാര്യബില്‍ ഭേദഗതിയിലാണ് സ്വര്‍ണം വില്‍ക്കുമ്പോള്‍ രൊക്കം പണമായി നല്‍കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. പ്രതിദിനം പതിനായിരം രൂപ മാത്രമാണ് പണമായി നല്‍കാവുന്ന പരമാവധി തുക. ബാക്കി തുക അക്കൗണ്ട് വഴിയേ നല്‍കാവൂ എന്നാണ് നിര്‍ദേശം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്, ദിവസം 20,000 രൂപവരെ സ്വര്‍ണം വില്‍ക്കുമ്പോള്‍ പണം ലഭിച്ചിരുന്നു. നോട്ട് പ്രതിസന്ധിക്ക് ശേഷമാണ് സര്‍ക്കാര്‍ സ്വര്‍ണവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്. ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്ന നിയമപ്രകാരം പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളോ സ്ഥാപനമോ വില്‍ക്കുന്നയാളുടെ അക്കൗണ്ടില്‍ ബാക്കി തുക നിക്ഷേപിക്കണം.
ചെക്കായോ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയോ തുക നല്‍കാനും കഴിയും. അപകടം, രോഗം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാരന് എപ്പോഴും ആശ്വാസമാകുന്നത് സ്വര്‍ണാഭരണങ്ങളാണ്.
ആഭരണങ്ങള്‍ വിറ്റാണ് പലപ്പോഴും മരുന്ന് വാങ്ങുന്നതും ആശുപത്രി ബില്‍ അടക്കുന്നതും മറ്റും. ഓണ്‍ലൈന്‍ ഇടപാടിലും ബാങ്കുകളിലൂടെയുള്ള പണമിടപാടിലും പരിചയമില്ലാത്തവരാണ് ഇത്തരക്കാര്‍. ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും പുതിയ നിയന്ത്രണം തിരിച്ചടിയായിരിക്കുകയാണ്. കര്‍ഷകരും സ്വര്‍ണം വിറ്റ് പലപ്പോഴും അത്യാവശ്യങ്ങള്‍ നിറവേറ്റാറുണ്ട്.
നോട്ട് പ്രതിസന്ധിക്ക് മുന്‍പ് സ്വര്‍ണാഭരണങ്ങള്‍ വിറ്റ് സ്ഥലം വാങ്ങുന്നവരും നിരവധിയായിരുന്നു. എന്നാല്‍, നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇത്തരക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൈയിലുള്ള സ്വര്‍ണം ജ്വല്ലറികളില്‍ കൊണ്ടുപോയി പണമായി മാറ്റുമ്പോള്‍ വേഗത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്.
ബാങ്ക് അക്കൗണ്ടുകളും ഓണ്‍ലൈന്‍ ഇടപാടുകളുമൊക്കെ പുതിയ സാഹചര്യത്തില്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതൊക്കെ പരിചിതമായി വരാന്‍ ഇനിയും കാലമെടുക്കുമെന്നാണ് ഇവരുടെ അഭിപ്രായം.അതേസമയം, ഉപഭോക്താക്കളുടെ കൈയില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ നിയന്ത്രണംതിരിച്ചടിയായിരിക്കുകയാണ്. ഇനിമുതല്‍ ഇവരുടെ ഇടപാടുകളില്‍ നികുതി വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. നിയന്ത്രണത്തിനെതിരേ സ്വര്‍ണ വ്യാപാരികള്‍ രംഗത്തുവന്നു. അഞ്ചിന് സംസ്ഥാന വ്യാപകമായി കടകളടച്ച് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താന്‍ കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."