പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അധ്യാപകര്‍ തന്നെ അട്ടിമറിക്കുന്നതായി ആക്ഷേപം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അധ്യാപകര്‍ തന്നെ അട്ടിമറിക്കുന്നതായി പരാതി. യജ്ഞത്തിന് നേതൃത്വം നല്‍കേണ്ട അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍എയ്ഡഡ് സ്‌കൂളുകളിലയച്ച് പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അഞ്ചുവര്‍ഷം കൊണ്ട് 5,000 കോടി ചെലവില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന പലരുടെയും മക്കള്‍ ഇപ്പോഴും അണ്‍എയ്ഡഡ് മേഖലയിലാണ് പഠിക്കുന്നത്. പൊതുജനങ്ങളോട് അവരുടെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് അയയ്ക്കണമെന്ന് നിര്‍ദേശിക്കുന്നവര്‍ തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരില്‍ 40 ശതമാനത്തോളം പേരുടെ മക്കളും അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ പഠിപ്പിക്കണമെന്ന് എല്ലാ അധ്യാപക സംഘടനകളും നിഷ്‌കര്‍ഷിക്കുമ്പോഴും ഇതാണവസ്ഥ.
കുട്ടികളെ പൊതുവിദ്യാലയത്തില്‍ അയക്കാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തങ്ങളുടെ മക്കളെ അയക്കില്ലെന്ന് പല രക്ഷാകര്‍തൃസമിതികളും തീരുമാനിച്ചിട്ടുണ്ട്. സ്വന്തം കുട്ടികളെ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ അയക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്ന സമര മാര്‍ഗവും പലേടത്തും ആരംഭിച്ചിട്ടുണ്ട്.
സര്‍വശിക്ഷ അഭിയാന്‍, രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ എന്നിവയുടെ നേതൃസ്ഥാനത്തുള്ളവരും തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത്.
പദ്ധതികളുടെ ജില്ലാതല പ്രോജക്ട് ഓഫിസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു.
പൊതുവിദ്യാഭ്യാസ മേഖലയോട് ആഭിമുഖ്യമില്ലാത്ത ഇവര്‍ക്കെങ്ങനെ ഈ പദ്ധതി മുന്നോട്ട് നയിക്കാനാകുമെന്ന സംശയം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. ഇതിനെതിരേ കടുത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അധ്യാപക സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."