അവസാന ലാപ്പിലേക്ക്...
മലപ്പുറം: തെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ദിവസങ്ങളെണ്ണി മലപ്പുറം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തിലാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നു.
യോഗത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഏഴു മണ്ഡലങ്ങളിലും നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് അവലോകനം ചെയ്തത്.
മൂന്നാംഘട്ട പര്യടനത്തിന് ഇന്നു പെരിന്തല്‍മണ്ണയില്‍ തുടക്കമാകും.
തെരഞ്ഞെടുപ്പ് പ്രചാരണത്തനായി യു.ഡി.എഫിലെ പ്രമുഖ നേതാക്കളും ഇന്നു പര്യടനം നടത്തും. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, പത്മജ വേണുഗോപാല്‍, സി.പി ജോണ്‍, എം.കെ രാഘവന്‍ എം.പി, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഇന്നു വിവിധ പരിപാടികളില്‍ പങ്കെടുക്കും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ഇന്നലെ പെരിന്തല്‍മണ്ണ മണ്ഡലാതിര്‍ത്തിയായ ഓണപ്പുടയില്‍നിന്നാണ് തുടങ്ങിയത്. മേലാറ്റൂര്‍ പഞ്ചായത്തിലെ ഒലിപ്പുഴയില്‍ രാത്രി വൈകിയാണ് അവസാനിച്ചത്.
പുലാമന്തോള്‍, ഏലംകുളം, ആലിപ്പറമ്പ്, വെട്ടത്തൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളും പെരിന്തല്‍മണ്ണ നഗരസഭയും ഉള്‍പ്പെട്ട പ്രദേശങ്ങളിലായിരുന്നു സ്വീകരണങ്ങള്‍. എല്‍.ഡി.എഫ് നേതാക്കളായ വി. മോഹനന്‍, വി. ഹനീഫ, എം.എ അജയകുമാര്‍, കെ.പി ജയചന്ദ്രന്‍, വി.ബി.ആര്‍ പിള്ള, ഭൂട്ടോ ഉമ്മര്‍, യുവജന നേതാക്കളായ അഡ്വ. കെ. പ്രേംകുമാര്‍, കെ.പി അനീഷ്, പി.കെ അഫ്‌സല്‍ എന്നിവര്‍ സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് വള്ളിക്കുന്ന് മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ അരിയല്ലൂരില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
കൂട്ടുമൂച്ചിയില്‍ നടന്ന സമാപന സമ്മേളനം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
വേങ്ങര മണ്ഡലത്തിലാണ് ഇന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.
സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്‍, സി.കെ പത്മനാഭന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രണ്ടാംഘട്ട ചെലവ് പരിശോധന ഇന്നും നാളെയും
മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച പ്രതിദിന അക്കൗണ്ട് ബുക്കിന്റെ ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി. രണ്ടാംഘട്ട പരിശോധന ഇന്നും നാളെയും രാവിലെ 10നു കലക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ നടക്കും. ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിനു ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ, പരിശോധനയ്ക്കു ഹാജരാകാത്തവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഫ്‌ളയിങ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനു ജില്ലാ അപ്പലറ്റ് കമ്മിറ്റി ഇന്നു വൈകിട്ട് 3.30ന് ഫിനാന്‍സ് ഓഫിസറുടെ ചേംബറില്‍ യോഗം ചേരും.
ബി.ജെ.പി, സി.പി.എം സ്ഥാനാര്‍ഥികളുടെ
പത്രികകള്‍ അപൂര്‍ണം
തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനൊരുങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമെന്ന് ആക്ഷേപം. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശിന്റെയും സി.പി.എം സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസലിന്റെയും പത്രികകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമനമ്പര്‍ അപൂര്‍ണമായാണ് നല്‍കിയിരിക്കുന്നത്.
നേരത്തെ, യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക പൂര്‍ണമല്ലെന്നാരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശ് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ബി.ജെ.പി നേതാക്കളടക്കം പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തു. അതേസമയം, ബി.ജെ.പി, സി.പി.എം സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നാണ് വിവരം.
കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ പിശകുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്തുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലത്തില്‍ ഇതേ കോളം ഒഴിച്ചിട്ടിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച അഫിഡവിറ്റില്‍ ഭാര്യയുടെ പേരിലുള്ള 9.25 സെന്റ് സ്ഥലം ഡെവലപ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര നിക്ഷേപം എന്ന കോളത്തിന് ഉത്തരം നല്‍കാതെ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."