കാഴ്ചയില്ലാത്തവര്‍ക്ക് വായനാലോകം തുറന്ന് ജില്ലാ പഞ്ചായത്ത്
കാസര്‍കോട്: കാഴ്ചയില്ലാത്തവരുടെ അകകണ്ണിലേക്ക് വായനയുടെ വിശാലലോകം തുറന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതി യാഥാര്‍ഥ്യമാകുന്നു. ദേശീയ ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കാഴ്ചയില്ലാത്തവര്‍ക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വാതായനങ്ങള്‍ തുറന്നു നല്‍കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്.
ടോക്കിങ് ലൈബ്രറി വിത്ത് ഡെയ്‌സി അപ്ലിക്കേഷന്‍ എന്ന പദ്ധതിക്ക് 10 ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകയിരുത്തിയത്. പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്ത് എം.പി.ത്രീ ഫോര്‍മാറ്റില്‍ ഓഡിയോ രൂപത്തിലാക്കി കേള്‍ക്കാനും അച്ചടിച്ച പുസ്തകം പോലെ ഓരോ പേജിലേക്കും വാക്യത്തിലേക്കും അധ്യായങ്ങളിലേക്കും എളുപ്പത്തില്‍ നേവിഗേറ്റ് ചെയ്യാനും ഉപകരിക്കുന്നതാണ് ഡെയ്‌സി അപ്ലിക്കേഷന്‍. സേവന സന്നദ്ധരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ പരിശ്രമഫലമായാണ് 500ഓളം പുസ്തകങ്ങള്‍ വായിച്ച് ടോക്കിങ് ലൈബ്രറി ഒരുക്കുന്നത്.
കല, സാഹിത്യം, ലേഖനങ്ങള്‍, നോവല്‍, കഥകള്‍, കവിതകള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കുന്നത്. അന്ധതയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകരിക്കുന്നതാണ് ഈ സംവിധാനം. ഡിജിറ്റല്‍ ലൈബ്രറിയായി സൂക്ഷിക്കാനും ആവശ്യമായ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത് എല്ലാവര്‍ക്കും ഉപകരിക്കുന്ന വിധം ഉപയോഗിക്കുന്നതിനും ലക്ഷ്യമിടുന്നു.
കാഴ്ചയില്ലാത്തവര്‍ക്കു മാത്രമല്ല നിരക്ഷരര്‍ക്കുപോലും ഈ ലൈബ്രറി ഉപകരിക്കും. നിലവില്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ കീഴിലുള്ള ഒരു മുറിയിലാണ് ടോക്കിങ് ലൈബ്രറി സജ്ജീകരിക്കുന്നത്. പദ്ധതി പൂര്‍ണസജ്ജമാകുന്നതോടെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മറ്റൊരു ചരിത്രം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."