നഗര വികസന മാസ്റ്റര്‍ പ്ലാനിനെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തൊടുപുഴ: നഗരവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മാസ്റ്റര്‍ പ്ലാനിന്റെ കരട് പ്രസിദ്ധീകരിക്കുന്നതിന് ചില കൗണ്‍സിലര്‍മാര്‍ തടസവാദങ്ങള്‍ ഉയര്‍ത്തിയതാണ് കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കിയത്.
2013 ലാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. ഇത് നാലു വര്‍ഷമായിട്ടും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു പല നഗരസഭകളുടെയും മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടും തൊടുപുഴയില്‍ കരട് പ്രസിദ്ധീകരിക്കാന്‍ പോലും ആയിട്ടില്ല.
എത്രയും വേഗം മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കണമെന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. എന്നാല്‍, 12-ാം വാര്‍ഡിലെ പഴുക്കാകുളത്ത് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മാലിന്യനിര്‍മാര്‍ജന പ്ലാന്റ് ഒഴിവാക്കിയേ കരട് പ്രസിദ്ധീകരിക്കാവൂവെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ മേഴ്‌സി കുര്യനും മുസ്‌ലിം ലീഗിലെ ജെസി ജോണിയും ശക്തമായി വാദിച്ചു. വാദപ്രതിവാദത്തിനിടെ 17ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് വ്യവസ്ഥയില്‍ യോഗം പിരിഞ്ഞു.
പഴുക്കാകുളം വിലങ്ങുകല്ലിലാണ് മാലിന്യ സംഭരണ സംസ്‌കരണ കേന്ദ്രം, പൊതുശ്മശാനം, അറവുശാല എന്നിവ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. തൊണ്ടുംവാതില്‍ ശാസ്താവ് റോഡിനേയും കാരൂപ്പാറ - ഏഴല്ലൂര്‍ റോഡിനേയും ബന്ധിപ്പിക്കുന്ന തൊണ്ടുംവാതില്‍ - വിലങ്ങുകല്‍ റോഡിന് സമീപമുള്ള ഒമ്പതര ഏക്കര്‍ സ്ഥലത്താണ് ഇവ സ്ഥാപിക്കാനുള്ള നടപടിക്രമം തുടങ്ങിയിരിക്കുന്നത്. ജില്ലാ ടൗണ്‍ പ്ലാനര്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിലെ നിര്‍ദേശപ്രകാരമാണ് പദ്ധതി. 250 ലധികം വീടുകള്‍, ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പഴുക്കാകുളം വിലങ്ങുകല്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ്, നൂറുല്‍ ഇസ്‌ലാം മദ്‌റസ, കോട്ടപ്പറമ്പ് കോളനി തുടങ്ങിയവ ഈ സ്ഥലത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ പ്രധാന ജലസ്രോതസ്സായ വിലങ്ങുകല്ല് - വണ്ടമറ്റം തോട് ഈ പ്രദേശത്തുകൂടിയാണ് ഒഴുകുന്നത്. മാലിന്യ സംഭരണ സംസ്‌ക്കരണ കേന്ദ്രം, പൊതുശ്മശാനം, അറവുശാല എന്നിവ ഇവിടെ സ്ഥാപിക്കുന്നതുവഴി ജനങ്ങള്‍ക്ക് ശുദ്ധവായു ശ്വസിച്ച് ശുദ്ധവെള്ളം കുടിച്ച് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.
പദ്ധതിക്ക് പാറക്കടവിലെ ഡംപിങ് യാര്‍ഡ് പ്രദേശമാണ് അനുയോജ്യമെന്ന കൗണ്‍സിലര്‍ മേഴ്‌സി കുര്യന്റെ പ്രതികരണം ബഹളത്തിന് ഇടയാക്കി. പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ പി.വി ഷിബു മേഴ്‌സികുര്യനെതിരേ രംഗത്തുവന്നു.
മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പോരായ്മയാണെന്നും എത്രയും വേഗം കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാകണമെന്നും എല്‍.ഡി.എഫിലെ രാജീവ് പുഷ്പാംഗദന്‍ ആവശ്യപ്പെട്ടു.
പഴുക്കാകുളത്തെ മാലിന്യപ്ലാന്റ് ഒഴിവാക്കി കരട് പ്രസിദ്ധീകരിക്കാമെന്നും ഇതിനായി വോട്ടെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസിലെ പി.എ ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെതിരേ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ രംഗത്തുവന്നു. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ അവസരം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. ഇതിനായി 15ന് ക്ലാസ് നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."