തടവറക്കുള്ളില്‍ 27 വര്‍ഷം; അവസാനിക്കാതെ പേരറിവാളന്റെ ഇരുള്‍ ജീവിതം
വിചാരണ തടവും ശിക്ഷാകാലാവധിയുമടക്കം എ ജി പേരറിവാളന്റെ ജയില്‍ ജീവിതത്തിന് ഇന്നേക്ക് 27 തികയുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11ന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പേരറിവാളന് 20 വയസ് തികയാന്‍ ഒരു മാസം കൂടിയുണ്ടായിരുന്നു. ചോദ്യം ചെയ്തതിന് ശേഷം പിറ്റേ ദിവസം തന്നെ വിട്ടയക്കാമെന്ന ഉറപ്പിലാണ് മാതാവ് അര്‍പ്പുതമ്മാളും ഗുണശേഖരനും ചേര്‍ന്ന് പേരറിവാളനെ പൊലിസിന്റെ കൈകളിലേല്‍പ്പിച്ചത്. 27 വര്‍ഷമായി ആ പിതാവും മാതാവും ആ വിടുതലിനായി കാത്തിരിക്കുകയാണ്.
മുഖ്യപ്രതി ശിവരശന് ബെല്‍റ്റ് ബോംബിനായി രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കിയതായിരുന്നു കുറ്റം. ബോംബിനു വേണ്ടിയാണ് താന്‍ ബാറ്ററികള്‍ വാങ്ങുന്നതെന്ന് പക്ഷേ, ആ പത്തൊമ്പതുകാരന് അറിയില്ലായിരുന്നു. ബാറ്ററി വാങ്ങിയത് താനാണെന്ന് പേരറിവാളന്‍ സമ്മതിച്ചെങ്കിലും രാജീവ് ഗാന്ധിയേയോ മറ്റേതെങ്കിലും മനുഷ്യനേയോ കൊല്ലാനുള്ള ബോംബിന് വേണ്ടിയാണ് ബാറ്ററിയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ തന്നെ ചോദ്യം ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ പേരറിളിവാളന്റെ ആ മൊഴി രേഖകളിലുണ്ടായിരുന്നില്ല.
പേരറിവാളന്‍ അഥവാ അറിവ് എന്ന 46കാരന്‍ ഇന്ന് തമിഴ്‌നാട്ടിലെ കൊച്ചുകുട്ടിക്കുപോലും സുപരിചിതമായ പേരാണ്. 1991ല്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടതിനുശേഷം തമിഴ്‌നാട്ടില്‍ ഭീകരാവസ്ഥ തന്നെയായിരുന്നു പ്രത്യേക അന്വേഷണ സംഘം സൃഷ്ടിച്ചത്. ഏറെ നാളത്തേക്ക് അമ്മ അര്‍പ്പുതമ്മാളിന് പോലും അറിവിനെ കാണാന്‍ കഴിഞ്ഞില്ല. ഏകദേശം 59 ദിവസങ്ങളോളം അറിവ് എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മകന്‍ പൊലിസ് കസ്റ്റഡിയിലാണെന്ന് ലോകം അറിയുമ്പോഴുണ്ടാകുന്ന മാനഹാനിയോര്‍ത്ത് കുടുംബം ഹേബിയസ് കോര്‍പ്പ്‌സ് നല്‍കാനും മടിച്ചു. ഇന്നുവരും നാളെവരും എന്നുതന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ഇത്രയും വലിയ ഒരു ശിക്ഷ അവനെക്കാത്ത് ഇരിക്കുന്നതായി സ്വപ്നത്തില്‍ പോലും അവര്‍ പ്രതീക്ഷിച്ചില്ല. ഇന്ത്യയുടെ നിയമവ്യവസ്ഥയിലായിരുന്നു അവരുടെ പ്രതീക്ഷ. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടില്ലല്ലോ എന്ന വിശ്വാസം.
എന്നാല്‍ പ്രതീക്ഷകള്‍ നിറഞ്ഞ ദിനരാത്രങ്ങളില്‍ അര്‍പ്പുതമ്മാള്‍ ജീവിക്കുമ്പോള്‍ പീഡനത്തിന്റെ വന്‍കടലിലായിരുന്നു അവരുടെ മകന്‍. പറഞ്ഞുതീര്‍ത്താല്‍ തീരാത്തത്രയും വേദനകള്‍ കുടിച്ചു തീര്‍ത്ത രാപ്പകലുകള്‍. അങ്ങിനെ ഒരു വേദനയുടെ അബോധനിമിഷത്തിലെപ്പോഴോ പൊലിസ് എഴുതി ഒപ്പിടുവിച്ച കുറ്റസമ്മത മൊഴി അറിവിനെതിരെയുള്ള ആയുധമായി ഉപയോഗിക്കപ്പെട്ടു. ടാഡ നിയമപ്രകാരമായിരുന്നു വധക്കേസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒടുവില്‍ 26 വര്‍ഷത്തിനു ശേഷം , പേരറിവാളന് ടാഡ കോടതി വധശിക്ഷ വിധിച്ച് കഴിഞ്ഞ് 18 വര്‍ഷത്തിന് ശേഷമാണ് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജന്‍ പേരറിവാളന്‍ നല്‍കിയിരുന്ന മൊഴിയെ കുറിച്ച് സുപ്രിംകോടതിയെ അറിയിച്ചിത്. ബാറ്ററി വാങ്ങി.തെന്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ തന്നോട് പറഞ്ഞതായും എന്നാല്‍ താന്‍ ഇത് മറച്ചുവച്ചുവെന്നും. പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും ത്യാഗരാജന്‍ വ്യക്തമാക്കി. (പേരറിവാളന് കോടതി വധശിക്ഷ വിധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഈ നടപടി കാരണമായിട്ടുണ്ട്). ത്യാഗരാജന്റെ സത്യവാങ്മൂലം ചോദ്യം ചെയ്തത് സി.ബി.ഐയുടെ വിശ്വാസ്യതയെയാണ്.
ഒമ്പത് വോള്‍ട്ട് ബാറ്ററി വാങ്ങി നല്‍കിയത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല, എല്‍.ടി.ടി.ഇ നേതാവ് പൊട്ടു അമ്മനും ശിവരശനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്ന് തങ്ങള്‍ മൂന്ന് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും വധ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് പറയുന്ന വയര്‍ലെസ് സന്ദേശവും പിടിച്ചെടുത്തിരുന്നു. എന്നിട്ടും അറിവിന്റെ പേരില്‍ സി.ബി.ഐ ചാര്‍ത്തി നല്‍കിയ കുറ്റം ഇപ്പോഴും നിലനില്‍ക്കുകയാണ്. കുറ്റവാളിയെന്ന് ചാര്‍ത്തപ്പെട്ട് ഒരു നിരപരാധി ഇപ്പോഴും അഴിക്കുള്ളില്‍ തന്നെയാണ്. തന്റെ ജീവിതത്തിലെ മനോഹരമാവേണ്ടിയിരുന്ന 27 വര്‍ഷങ്ങള്‍ അഴിക്കുള്ളിലെ ഇരുളറക്കുള്ളില്‍ കഴിഞ്ഞു പോയിരിക്കുന്നു. ഇനിയുള്ള നാളുകളെങ്കിലും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ ഈ ചെറുപ്പക്കാരന് കഴിയുമോ എന്ന ചോദ്യം നീതിപീഠത്തിനു മുന്നില്‍ ബാക്കിയാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."