പൂര്‍വ്വ വിദ്യാര്‍ഥിക്ക് കാരുണ്യമൊരുക്കാന്‍ കുരുന്നുകള്‍
വടക്കാഞ്ചേരി: ആര്യംപാടം സര്‍വ്വോദയം സ്‌കൂളില്‍നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയൊരു മഹനീയത കൂടി. 2014 ല്‍ സ്വന്തമായി വീടില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ച് നല്‍കിയ സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ ഇത്തവണ അപകടത്തില്‍ പെട്ട് ചലനശേഷി നഷ്ടപ്പെട്ട സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയെ സഹായിക്കുന്നതിനാണ് മാതൃകാപരമായ പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഏപ്രില്‍ മൂന്ന് മുതല്‍ മെയ് അഞ്ച് വരെയുള്ള 33 ദിവസങ്ങളിലായി 3,333 കുടകള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതി. 33 വിദ്യാര്‍ഥികളാണ് ഈ സേവനമഹിമയില്‍ കണ്ണികള്‍. ജനപ്രിയ എന്ന പേരിലാണ് ഈ കുടകള്‍ വില്‍പന നടത്തുക.
വില്‍പനയിലൂടെ ലഭിക്കുന്ന ലാഭവിഹിതമാണ് പൂര്‍വ വിദ്യാര്‍ഥിക്ക് കൈമാറുക. മഴയത്തും, വെയിലിലും കുടകള്‍ ജനങ്ങള്‍ക്ക് തണലാകുമ്പോള്‍ അത് മറ്റൊരാളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയാക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് ലീഡര്‍ സാന്ദ്ര വര്‍ഗീസ് സുപ്രഭാതത്തോട് പറഞ്ഞു.
പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നാട്ടുകാര്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. ജീവച്ഛായ എന്ന് പേരിട്ടിട്ടുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. നേരത്തെ ഹാന്‍ഡ് വാഷ് നിര്‍മാണവും കുട്ടികള്‍ നടത്തിയിരുന്നു. വിവിധ ആയുര്‍വേദ ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് രാസ വിമുക്തമായ 301 സോപ്പ് ലായനികളാണ് കുട്ടികള്‍ നിര്‍മിച്ചെടുത്തത്. സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാംപും, മരുന്ന് വിതരണവും നടന്നു. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഡോക്ടര്‍മാരായ കെ.ആര്‍ ഗോപാലകൃഷ്ണന്‍, വി.കെ രാമചന്ദ്രമേനോന്‍, കെ.പി അരുണ്‍, ധന്യാ സേതുമാധവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."