സഹോദരന്റെ ചികിത്സ മൂന്നുമണിക്കൂര്‍ വൈകിപ്പിച്ചുവെന്ന് ഡോ. കഫീല്‍ ഖാന്‍
ലഖ്‌നൗ: സഹോദരന്‍ കാശിഫ് ജമീലിന് വെടിവയ്പില്‍ ഗുരുതര പരുക്കേറ്റിട്ടും ചികിത്സ വൈകിപ്പിക്കാന്‍ പൊലിസ് ഇടപെടല്‍ നടത്തിയെന്ന ഗുരുതര ആരോപണവുമായി ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കഫീല്‍ ഖാന്‍. പൊലിസിന്റെ ഇടപെടലാണ് ചികിത്സ ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വൈകിയത്.
വെടിവയ്പിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞാറാഴ്ചയാണ് കാശിഫിന് വെടിയേറ്റത്. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് സഹോദരനെ വധിക്കാനുള്ള ശ്രമം. പരുക്കേറ്റ കാശിഫ് ചികിത്സയിലാണ്. ശരീരത്തില്‍ നിന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്തു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടി സമീപത്തെ ക്ഷേത്രത്തില്‍ നടന്നിരുന്നു. രാത്രി പത്തരക്കായിരുന്നു ഇത്.
ഈ ക്ഷേത്രത്തിന് 500 മീറ്റര്‍ അകലെവച്ചാണ് രാത്രി പതിനൊന്നരയോടെ കാശിഫിന് വെടിയേറ്റത്. സഹോദരനു ശത്രുക്കളാരുമില്ല. എന്റെ സഹോദരനാണെന്ന ഒറ്റക്കാരണത്താലണ് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. സംഭവം നടന്നതിന് ഏതാനും മീറ്റര്‍ ദൂരെയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ്.സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും കാണാതെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തതെന്നും കഫീല്‍ഖാന്‍ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാന്‍ തയാറല്ലെന്നും ദൈവം ദയ കാട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."