നോട്ട്ക്ഷാമം രൂക്ഷം: ശമ്പളം മുടങ്ങി
തിരുവനന്തപുരം: ട്രഷറികളില്‍ കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി. ഏപ്രിലിലെ ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ട്രഷറികള്‍ വഴി നല്‍കേണ്ട ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുള്ള ബില്ലുകള്‍ പാസാക്കി നല്‍കിയെങ്കിലും വിതരണത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കാത്തതിനാലാണു ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയത്.
കറന്‍സി ലഭിക്കാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നു ധനവകുപ്പ് അധികൃതര്‍ അറിയിച്ചു. വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ക്ഷേമപെന്‍ഷനിലെ മൂന്നുമാസത്തെ കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഈ തുക വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ സഹകരണ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് മാറ്റുമെങ്കിലും നോട്ടുക്ഷാമം മൂലം ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാകുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
സംസ്ഥാനത്തെ 222 ട്രഷറികളില്‍ 180 ട്രഷറികളിലും നോട്ടുക്ഷാമം അതിരൂക്ഷമാണ്. എരുമേലി, വേങ്ങര, കൊട്ടാരക്കര, മണലൂര്‍, എടത്വ, കുറുവിലങ്ങാട്, കരിമണ്ണൂര്‍, പേരാവൂര്‍, ചെങ്ങന്നൂര്‍, നൂറനാട്, ദ്വാരക, വെള്ളരിക്കുണ്ട്, മുതുകുളം, മുവാറ്റുപുഴ, ചടയമംഗലം, കോന്നി, മാവേലിക്കര, വടക്കേഞ്ചേരി, ഹരിപ്പാട്, മുകുന്ദപുരം, കടക്കല്‍, തിരൂരങ്ങാടി ട്രഷറികളില്‍ വിതരണം ചെയ്യാന്‍ നയാപൈസയില്ല.
ഇന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചേക്കും. 55 ട്രഷറികളില്‍ ചോദിച്ച പണത്തില്‍ പകുതി മാത്രമേ നല്‍കിയുള്ളൂ. ഇതു കാരണം ഇന്നലെ ഉച്ചയ്ക്കു മുന്‍പ് പണം തീര്‍ന്നു. 50 ലക്ഷം രൂപയുടെ കറന്‍സിയാണ് കോട്ടയം ജില്ലാ ട്രഷറി റിസര്‍വ് ബാങ്കിനോട് ചോദിച്ചത്. കിട്ടിയത് 10 ലക്ഷം രൂപ മാത്രം. ഇതോടെ മിക്കവരും പെന്‍ഷന്‍ കിട്ടാതെ മടങ്ങി.
30 ലക്ഷം ചോദിച്ച പാമ്പാടി ട്രഷറിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപ. 30 ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും 50 ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും കിട്ടിയത് അഞ്ച് ലക്ഷം രൂപ വീതമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 55 ട്രഷറികള്‍ക്കായി 37 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 8.79 കോടി രൂപയുടെ നോട്ടു മാത്രമാണു ലഭ്യമാക്കിയത്. സംസ്ഥാനത്തെ 188 ട്രഷറികള്‍ക്ക് എസ്.ബി.ഐയാണു പണം നല്‍കുന്നത്.
സാധാരണഗതിയില്‍ ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ട്രഷറികള്‍ വഴി ശമ്പളം വാങ്ങുന്നത്. ഒന്നാം ദിവസം ശമ്പള വിതരണത്തിനു സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാംദിനവും ഏഴാം ദിനവും 250 കോടിവീതം എന്നിങ്ങനെയാണ് വേണ്ടത്. ഇതു കൂടാതെയാണു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക.
പെന്‍ഷന്‍കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യഗഡു ഈ മാസത്തെ പെന്‍ഷനോടൊപ്പം വിതരണം ചെയ്യണമായിരുന്നു. എന്നാല്‍ അതും നടന്നില്ല. എസ്.ബി.ഐ, ആര്‍.ബി.ഐ എന്നിവയോട് അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് നോട്ടുക്ഷാമത്തിനു കാരണം ട്രക്ക് സമരമാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ഐ അധികൃതര്‍ക്കാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്. കരാറെടുത്ത ട്രക്കുകളിലാണ് ആര്‍.ബി.ഐ പണം എത്തിച്ചിരുന്നത്.
അതിനിടെ എസ്.ബി.ഐയുടെ എല്ലാ എ.ടി.എമ്മുകളും ഇന്നലെ രാവിലെ മുതല്‍ കാലിയായതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്നു രാവിലെയോടെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുമെന്ന് എസ്.ബി.ഐ അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതും നടക്കാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."