മഴ ദുരിതത്തില്‍ കുടുംബം: വെള്ളത്തില്‍ മുങ്ങി വീട്
പേരൂര്‍ക്കട: മഴ ശക്തിപ്രാപിക്കുന്നതോടെ വേണുഗോപാലിന്റെ മനസുപിടയും. മഴ പെയ്യരുതേയെന്ന് പ്രാര്‍ഥിക്കും. ശക്തമായ മഴ തുടര്‍ന്നാല്‍ വീടും പരിസരവും വെള്ളമയം. അധികാരികള്‍ക്കു മുന്നില്‍ നിവേദനങ്ങള്‍ നല്‍കി മടുത്ത കഥയാണ് കാഞ്ഞിരംപാറ ഹരിസ്മൃതി ലെയിന്‍ കെ.ഇ.ആര്‍.എ 138 പൊന്നൂസില്‍ പി. വേണുഗോപാലിനും കുടുംബത്തിനും പറയാനുള്ളത്. 2016ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ ദുരിത ജീവിതം.
വീടിന്റെ സമീപത്ത് ഒരു ഫ്‌ളാറ്റിന്റെ നിര്‍മാണം ആരംഭിച്ചതോടെ അവര്‍ സമീപ പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തി. അതോടെ വേണുഗോപാലിന്റെ വീട് കുഴിപ്പോക്കിലായി. ആവശ്യത്തിന് ഓടവെട്ടാതെ ഫ്‌ളാറ്റിന്റെ നിര്‍മാണം ഈ 2-ാം വര്‍ഷവും പുരോഗമിക്കുന്നു. 2016, 17 വര്‍ഷങ്ങളില്‍ വേണുഗോപാലിന്റെ ഒറ്റനില വീട്ടില്‍ വെള്ളം കയറി. അന്നു വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലും വില്ലേജിലും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കി. അധികൃതര്‍ സ്ഥലത്തെത്തി ഫ്‌ളാറ്റിന്റെ ഉടമകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കി മടങ്ങിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. വീടിന്റെ ഇലക്ട്രിക് സര്‍ക്യൂട്ടുകളെല്ലാം വെള്ളംകയറി നശിച്ചു. സ്വിച്ച് ബോര്‍ഡില്‍ നിന്നു വെള്ളം ഇറ്റിറ്റുവീഴുകയാണ്.
ഓരോ മുറിയിലും തുള്ളിത്തുള്ളിയായി വീഴുന്ന വെള്ളം വീടിനു പുറത്തേക്കിറങ്ങിയാല്‍ മുട്ടോളംപോന്ന വെള്ളം. എവിടെയും മഴവെള്ളമയം തന്നെ. ഫ്‌ളാറ്റിന്റെ നിര്‍മാണം ശാസ്ത്രീയമായ രീതിയിലായിരുന്നുവെങ്കില്‍ തങ്ങളുടെ വീട്ടിലേക്ക് വെള്ളം കയറുകയില്ലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഇത്തവണയും പതിവുപോലെ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും ദുരിതജീവിതം ഇത്തവണയെങ്കിലും അധികൃതര്‍ കാണുമെന്ന പ്രതീക്ഷയിലാണ് ഓട്ടോത്തൊഴിലാളിയായ വേണുഗോപാലും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."