അട്ടപ്പാടി ചുരം റോഡിന്റെ അപകടാവസ്ഥ: രാത്രി യാത്രക്ക് നിയന്ത്രണം വരും
അഗളി : അട്ടപ്പാടി ചുരം റോഡിന്റെ അവസ്ഥ അപകടകരമായി തുടരുന്നതിനാല്‍ ഗതാഗത നിയന്ത്രണത്തിന് തയ്യാറെടുക്കുകയാണ് പൊലിസ്-റവന്യൂ അധികൃതര്‍. ചുരത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴമൂലം ഏതുസമയത്തും അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അഗളി പൊലിസിന്റെ നേതൃത്വത്തില്‍ ചുരത്തിലെ തടസങ്ങള്‍ നീക്കുന്നുണ്ടെങ്കിലും കൂടുതല്‍ മണ്ണിടിച്ചല്‍ ഉണ്ടായി ഗതാഗതം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ പത്തുമാസം മുന്‍പ് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ റോഡ് ഇതുവരേയും ഗതാഗതയോഗ്യമായിട്ടില്ല.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുര്‍ഘടമാണ്.
അന്തര്‍സംസ്ഥാന പാത കൂടിയായ അട്ടപ്പാടി ചുരം റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഏതുസമയത്തും പൂര്‍ണ്ണമായി തകര്‍ന്നടിയാന്‍ കിടക്കുന്ന മണ്ണും പാറക്കൂട്ടങ്ങളും ഈ വഴിയുള്ള യാത്രയെ പേടിപ്പെടുത്തുന്നതാക്കിയിട്ടുണ്ട്.
ഈ വഴിയുള്ള രാത്രി യാത്ര എപ്പോള്‍വേണമെങ്കിലും അപകടത്തെ പ്രതീക്ഷിക്കുന്നതായിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണ്. തുടരെ പെയ്യുന്ന മഴയും കനത്ത കോടമഞ്ഞും കാരണം അധികൃതര്‍ പകല്‍ ഭാഗികമായും രാത്രി യാത്ര പൂര്‍ണ്ണമായും നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. വൈകീട്ട് ഏഴിനുശേഷം യാത്രക്കാണ് പൂര്‍ണ്ണ നിയന്ത്രണം കൊണ്ടുവരിക.
ചുരമിടിഞ്ഞ് ഗതാഗതം മുടങ്ങുന്ന പക്ഷം മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലെത്താന്‍ പാലക്കാട് കോയമ്പത്തൂര്‍ വഴി എത്തേണ്ടി വരും. കഴിഞ്ഞ വര്‍ഷകാലത്ത് ചുരം ഇടിഞ്ഞതിനെതുടര്‍ന്ന് 15 ദിവസം റോഡ് അടച്ചിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."