എടത്തല മര്‍ദനം: ഉസ്മാന് ജാമ്യമില്ല, പൊലിസുകാരെ ചോദ്യംചെയ്തു
ആലുവ: പൊലിസുകാരെ മര്‍ദിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത, എടത്തലയില്‍ പൊലിസ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ ജാമ്യപേക്ഷ ആലുവ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതി തള്ളി. നേരെത്തെ ആശുപത്രിയില്‍ കഴിയുന്ന ഉസ്മാനെ 22 വരെ റിമാണ്ട് ചെയ്തിരുന്നു. എന്നാല്‍ പരുക്ക് ഭേദമാകാതിരുന്നതിനാല്‍ ഉസ്മാന്‍ ആശുപത്രിയില്‍ തന്നെയാണ്.
ഉടന്‍ തന്നെ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഉസ്മാന്റെ ബന്ധുക്കള്‍. അതിനിടെ, എടത്തല സംഭവത്തില്‍ ആരോപണ വിധയേരായ മൂന്ന് പൊലിസുകാരെ ചോദ്യം ചെയ്തു. അന്വേഷണ ചുമതല വഹിക്കുന്ന ക്രൈബാഞ്ച് ഡി.വൈ.എസ്.പി ഉദയഭാനുവാണു എ.എസ്.ഐ. പുഷ്പരാജ്, സീനിയര്‍ സി.പി.ഒ. ജലീല്‍, സി.പി.ഒ. അഫ്‌സല്‍ എന്നിവരെ ചോദ്യം ചെയ്തത്.
കളമശ്ശേരി എ.ആര്‍ ക്യാമ്പില്‍ എത്തിയാണ് ചോദ്യം ചെയ്ത്. എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ ആകാരണമായി മര്‍ദിച്ചു എന്നാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.
മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ തിങ്കളാഴ്ച വൈകീട്ട് അശുപത്രിയില്‍ എത്തിയ ഡി.വൈ.എസ്.പി മൊഴി എടുത്തിരുന്നു. പൊലിസിന്റെ കൃത്യ നിര്‍വ്വഹണത്തില്‍ തടസ്സം നിന്നുവെന്ന പൊലിസിന്റെ പരാതിയിന്മേല്‍ അശുപത്രിയില്‍ റിമാന്റില്‍ ഉള്ള ഉസ്മാനെ കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്നാണു ചോദ്യംചെയ്യല്‍ നടത്തിയത്.
പ്രകോപനം സൃഷ്ടിച്ച് ആദ്യം കൈയേറ്റം നടത്തിയത് ഉസ്മാനാണെന്ന നിലാപാടിലാണു പൊലിസുകാര്‍. അപകടം ഉണ്ടായത് മറ്റൊരു ഇരുചക്ര വാഹനവുമായിട്ടാണെന്നും പിന്നീട് ഉസ്മാന്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നുവെന്നും പൊലിസുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.
അതേസമയം, പൊലിസ് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന നിലപാട് ഉസ്മാന്‍ ആവര്‍ത്തിച്ചിരുന്നു. സംഭവത്തിലെ മുഖ്യസാക്ഷി കാറിലുണ്ടായിരുന്ന പോക്‌സോ കേസിലെ പ്രതി മുതിരക്കാട്ടുമുകള്‍ ചക്കിക്കല്ലുപറമ്പ് വീട്ടില്‍ സിദ്ധാര്‍ത്ഥും റിമാന്‍ഡിലാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി.
അതിനിടെ, എടത്തല കുഞ്ചാട്ടുകരയില്‍ ബുധനാഴ്ച നടത്താനിരുന്ന പ്രതിഷേധ യോഗത്തിന് പൊലിസ് മൈക്കുപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. നിയമപ്രകാരം 7 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കാഞ്ഞതിനാലാണ് മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി പോലിസ് നിഷേധിച്ചത്. മൈക്ക് ഉപയോഗം പൊലിസ് തടഞ്ഞതോടെ പ്രതിഷേധയോഗം മനുഷ്യ ചങ്ങലയായി മാറ്റിയതായി യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."