മാറുന്ന കാലത്തിന്റെ മഹാപാത
നിലവില്‍ കേരളം പുകച്ചുതള്ളുന്ന ഇന്ധനത്തിന്റെ അളവു പകുതിയാക്കിയും കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള യാത്രാസമയം മൂന്നിലൊന്നാക്കിയും കുറച്ച് കരമാര്‍ഗം യാത്രചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുമോ. അതു പരിസ്ഥിതിക്ക് ഏല്‍പ്പിച്ചേയ്ക്കാവുന്ന ആഘാതം പൂര്‍ണമായും ഇല്ലാതാക്കി പാതനിര്‍മാണത്തിനുവേണ്ട ഭൂമി അനായാസം ഏറ്റെടുക്കാന്‍കൂടി കഴിയുന്ന തരത്തിലായാലോ.
ഭാവിയില്‍ ഈ പാതയില്‍ വിവിധതലത്തില്‍ പണിയുന്ന വ്യത്യസ്തസംവിധാനങ്ങളിലൂടെ മനുഷ്യസഞ്ചാരം മാത്രമല്ല ചരക്കുകളുടെയും കുടിവെള്ളത്തിന്റെയും വാതകഇന്ധനങ്ങളുടെയും വാര്‍ത്താസംവിധാനങ്ങളുടെയും ഒഴുക്കു ത്വരിതഗതിയിലാക്കുന്നതിനും കഴിഞ്ഞാലോ ഈ പാതയുടെ ഏറ്റവും മുകളിലൂടെ അതിവേഗട്രെയിനും ഭൂഗര്‍ഭത്തിലൂടെ പ്രകാശവേഗത്തെ തോല്‍പ്പിക്കുന്ന കാപ്‌സ്യൂള്‍ ട്രെയിനും പായുന്നതു സങ്കല്‍പ്പിച്ചുനോക്കൂ! ഇതിലെ മുഴുവന്‍ സംവിധാനത്തിനുംവേണ്ട വൈദ്യുതി മഹാപാതതന്നെ ഉല്‍പ്പാദിപ്പിക്കുന്നുവെന്നുംകൂടി വന്നാലോ
ഭൂലഭ്യത ഏറ്റവും കുറവുള്ള കേരളത്തില്‍ നഗരത്തിരക്കിലും കുപ്പിക്കഴുത്തിലുംപെട്ട് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടന്നുപോകുന്ന പാതയ്ക്കിരുവശവുമുള്ള ഭൂമി ഏറ്റെടുത്തു ദേശീയപാതാവികസനം സാധ്യമാക്കാമെന്ന നിലപാടുമായി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ മേല്‍സൂചിപ്പിച്ചതും (ഒറ്റനോട്ടത്തില്‍ അസാധ്യമെന്നു തോന്നാമെങ്കിലും) അനന്തസാധ്യതകളുള്ളതുമായ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചുകൂടേ.
കേരളം 20 വര്‍ഷംകഴിഞ്ഞ് എങ്ങനെയായിരിക്കുമെന്ന ചിന്തയ്ക്കു തെളിച്ചംനല്‍കാന്‍ കേരളം 20 വര്‍ഷംമുമ്പ് എങ്ങനെയായിരുന്നുവെന്ന് ഓര്‍ത്തുനോക്കിയാല്‍ മാത്രം മതി. ദ്രുതഗതിയിലായിരുന്നു കഴിഞ്ഞ 20 കൊല്ലത്തെ മാറ്റമെന്നു സമ്മതിക്കാമെങ്കില്‍ അടുത്ത 20 വര്‍ഷത്തെക്കുറിച്ചു ചിന്തിക്കാന്‍ കൂടുതല്‍ എളുപ്പമാവും. സാധാരണക്കാരന്റെപോലും വീട്ടിലെ ഗ്യാരേജില്‍ ഒന്നും രണ്ടും കാറു കിടക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍ കഴിയുമോ. അത്രയും സങ്കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്നത്തെ റോഡ് സൗകര്യവുമായി ചേര്‍ത്തുവച്ചു വിലയിരുത്താന്‍ ശ്രമിക്കുക. അടുത്ത രണ്ടു പതിറ്റാണ്ടില്‍ നാം നേരിടാന്‍പോകുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഗതാഗതവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് അപ്പോള്‍ ബോധ്യമാകും.
ചിത്രകാരന്റെ ഭാവനയില്‍നിന്നുകൊണ്ടു ഭാവികേരളത്തിന്റെ തലക്കുറി മാറ്റിയെഴുതുവാന്‍ കെല്‍പ്പുള്ള ആ മഹാപാതയെക്കുറിച്ചു സ്വപ്നം പങ്കുവെക്കുകയാണു ഞാന്‍. വികസിത കേരളത്തിന് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വഹിക്കുന്ന ഒരു രക്തധമനിപോലെ ആ മഹാപാത എന്റെ മനസ്സില്‍ തെളിയുന്നു. ഗതാഗതവും ചരക്ക് നീക്കവും ശുദ്ധജലവും അതിവേഗതീവണ്ടികളും വാതകഇന്ധനങ്ങളും വാര്‍ത്താവിനിമയസംവിധാനങ്ങളും വിവരസാങ്കേതിക സിരാപടലവും എല്ലാം കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിര്‍ബാധം ഒഴുകുന്ന ഒരു മഹാപാത.ഓരോ ഇരുപത്തഞ്ച് കിലോമീറ്ററുകള്‍ക്കിടയിലും ആ പാതയിലേക്ക് പ്രവേശിക്കാവുന്ന കവാടങ്ങള്‍, അവിടെ നിന്നും ഓരോ പതിനഞ്ച് മിനിറ്റ് ഇടവിട്ട് ആളും സാധനവും കയറ്റി നീങ്ങുന്ന എക്‌സ്പ്രസ്‌ഹൈവേ കോര്‍പറേഷന്റെ ഇലക്ട്രിക് വാഹനങ്ങള്‍, അനുവദിക്കപ്പെട്ട പാതയിലൂടെ ഇരമ്പിപ്പായുന്ന സ്വകാര്യവാഹനങ്ങള്‍ ,കേരളത്തിന്റെ ഏത് പ്രദേശത്ത് നിന്നും ശരാശരി ഇരുപത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന തരത്തില്‍ അതിന്റെ സ്ഥാനം അങ്ങനെ ഒട്ടേറെ സവിശേഷതകളുമായി ഒരു മഹാപാത നമ്മുടെ മണ്ണില്‍സ്ഥാപിതമായാല്‍ ലോകഭൂപടത്തില്‍ കേരളം എന്ന കൊച്ചുസംസ്ഥാനത്തിന് എന്തായിരിക്കുംസ്ഥാനം അങ്ങനെയൊരു സ്വപ്നം സഫലമാകുന്നതിന് എന്തെല്ലാം വേണ്ടി വരും എന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കൂ.
മാറുന്ന കാലത്തിന്റെ വേഗത്തിനുസരിച്ച് ജീവിതം മാറുമ്പോള്‍ അതിന്റെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മുന്‍കൂട്ടിയുള്ള ആസൂത്രണവും നിര്‍വ്വഹണവും യാഥാര്‍ത്ഥ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു സമീപനം ഏത് ഭരണകൂടത്തിനും ആവശ്യമാണ്. ഈ ആവശ്യത്തെ തൃപ്തിപ്പെടുത്താവുന്ന തരത്തില്‍ ആ പദ്ധതി സ്വീകാര്യമാകുമോ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. താരതമ്യേന പിന്നാക്കം നില്‍ക്കുന്ന ശ്രീലങ്കക്ക് പോലും ദ്വീപിനെ ആകമാനം ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേകള്‍ സാധ്യമാണെങ്കില്‍ എന്തുകൊണ്ട് നമുക്കും ആ വഴി ചിന്തിച്ചുകൂട.
പാതനിര്‍മ്മാണത്തിലും നവീകരണത്തിലും കേരളം എക്കാലവും നേരിട്ടിട്ടുള്ള രണ്ട് പ്രധാന വെല്ലുവിളികളാണ് സ്ഥലദൗര്‍ലഭ്യവും പരിസ്ഥിതിനാശഭീഷണിയും. ഈ രണ്ട് പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ കേരളത്തിനൊരു മഹാപാത എന്ന ആശയം മുന്നോട്ട് വെക്കാന്‍ കഴിയില്ല.
വര്‍ധിച്ച ഭൂവിലയുള്ള നഗരപ്രാന്തത്തില്‍ നിന്ന് മാറി തീര്‍ത്തും വിലനിലവാരം കുറഞ്ഞ ഭൂഭാഗത്തുകൂടി ചുരുങ്ങിയത് അന്വത് മീറ്ററെങ്കിലും വിസ്തൃതിയില്‍ (കൂടുതല്‍ ലഭ്യമായിടത്ത് നൂറ് മീറ്റര്‍ വരെ ആവാം) സ്ഥലമെടുപ്പ് നടത്തുന്നതിന് ആവശ്യമായ ഉപഗ്രഹസര്‍വ്വെയും ഉപരിതലസര്‍വ്വെയും നടത്തുക എന്നതാണ് പ്രാഥമികമായ കര്‍ത്തവ്യം. സര്‍വ്വെ ഉള്‍പ്പെടെ മഹാപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നടത്തിക്കൊണ്ടുപോകുന്നതിന് മേല്‍നോട്ടം നല്‍കാന്‍ ബൃഹത്തായ ഒരു കോര്‍പ്പറേഷന്‍ പൊതു-സ്വകാര്യ സംരംഭമായി രൂപീകരിച്ച് വേണം നിര്‍വ്വഹിക്കുക. ഇതിന് കേരളത്തിലെ സഹകരണ-ദേശസാല്‍കൃത ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണവും വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംരംഭകത്വവും വിനിയോഗിക്കാവുന്നതാണ്. മാര്‍ക്കറ്റ് വിലയെക്കാള്‍ അധികവില നല്‍കി ഭൂമി ഏറ്റെടുക്കും എന്നതായിരിക്കണം ഭൂസംഭരണത്തിന്റെ മുദ്രാവാക്യം. ഈ സംരംഭത്തിലേക്ക് ഭൂമി നല്‍കുന്നവരെ രാജ്യപുരോഗതിക്ക് സംഭാവന അര്‍പ്പിച്ചവരുടെ ശ്രേഷ്ഠശ്രേണിയില്‍ പെടുത്തി അതിന്റെ ലാഭവിഹിതം പ്രതിമാസം അവര്‍ക്ക് ഒരു ക്ഷേമ പെന്‍ഷന്‍ പോലെ ലഭ്യമാക്കേണ്ടതാണ്. കൂടിയ അളവില്‍ ഭൂമി ഏറ്റെടുത്ത ഭാഗത്ത് നിശ്ചിത ഇടവേളകളില്‍ പണിയുന്ന ടൗണ്‍ഷിപ്പുകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മുന്‍ഗണനയും നല്‍കണം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് സമീപത്ത് പണിയുന്ന ടൗണ്‍ഷിപ്പുകളില്‍ സ്ഥാപിക്കുന്ന താമസകേന്ദ്രങ്ങളില്‍ വീടുകള്‍ അനുവദിച്ച് കൊടുക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ രാജ്യത്തിന് വേണ്ടി സ്വന്തം കൈവശഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് മുന്തിയ പരിഗണനയും ക്ഷേമപരിപാടികളും എത്രമാത്രം വര്‍ദ്ധിത അളവില്‍ നല്‍കാം എന്ന് കോര്‍പ്പറേഷന്‍ ചിന്തിക്കുകയും അത് താമസംവിനാ നടപ്പാക്കുകയും വേണം.
മഹാപാത സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതം പരമാവധി കുറക്കാന്‍ ശ്രേഷ്ഠരായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു നിരീക്ഷണസമിതിയും പൂരകമായിപ്രവര്‍ത്തിക്കേണ്ടതുണ്ട്. പാത കടന്ന് പോകുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് നിര്‍മ്മാണസ്വഭാവത്തില്‍ വ്യത്യസ്തത വരുത്തി ലക്ഷ്യം കൈവരിക്കാന്‍ ഈ നിരീക്ഷണ സമിതി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയണം.എത്ര മരങ്ങള്‍ മുറിച്ച് നീക്കപ്പെടുന്നുണ്ടോ അവയുടെ ഇരട്ടി പാതക്കിരുവശവും നട്ടു പിടിപ്പിക്കാന്‍ കഴിയണം. ഒരു ഹരിത പാതയായിരിക്കണം ഇത് എന്ന നിര്‍ബന്ധബുദ്ധി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിച്ചിരിക്കണം. ജലാശയങ്ങളുടെ പ്രവാഹത്തിനോ നീര്‍ത്തടങ്ങളുടെ നാശത്തിനോ ഇടയാക്കാതെ പാത കടന്ന് പോകുന്ന ഭാഗത്ത് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കണം. പൈലിങ്ങ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയര്‍ത്തി നിര്‍ത്തുന്ന തൂണുകളിലൂടെ ജലാശയങ്ങളും നീര്‍ത്തടങ്ങളും മറികടക്കാന്‍ സൗകര്യമൊരുക്കാവുന്ന സാങ്കേതിക വിദ്യ പാതയുടെ നിര്‍മ്മാണത്തില്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."