ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്‌സായ സന്ധ്യയെ(38)യും മാതാവ് ശാരദയെയുമാണ് സന്ധ്യയുടെ ഭര്‍ത്താവ് അശമന്നൂര്‍ പനച്ചിയം ശ്രീകൃഷണസദനത്തില്‍ മനോജ് (48) വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അമൃത ആശുപത്രിക്ക് സമീപം തന്നെയുള്ള ജീവനക്കാരുടെ ഹോസ്റ്റലിലാണ് സന്ധ്യയും അമ്മയും കുട്ടിയും താമസിച്ചിരുന്നത്. ഇന്നലെ രാവിലെ എട്ടോടെ ഇവിടെവച്ചാണ് സംഭവം. തുടര്‍ന്ന് ഇവിടുത്തെ ക്വാര്‍ട്ടേഴ്‌സിനകത്ത് കയറി മനോജ് തൂങ്ങിമരിക്കുകയായിരുന്നു.
കുട്ടിയെ സ്‌കൂളില്‍ വിടാനായി പോയി തിരികെ വരികയായിരുന്ന സന്ധ്യയെ മനോജ് പതിയിരുന്ന് വെട്ടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സന്ധ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാരദയ്ക്ക് വെട്ടേറ്റത്. വെട്ടേറ്റ് സന്ധ്യയുടെ കൈ അറ്റുപോയി. മൂക്കിനും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സന്ധ്യ ഉച്ചത്തില്‍ നിലവിളിച്ച് പുറത്തേക്കോടി റോഡില്‍ കുഴഞ്ഞുവീണു. റോഡില്‍ വീണ് വേദനകൊണ്ട് പിടഞ്ഞ സന്ധ്യയെയും പരുക്കേറ്റ അമ്മയെയും സമീപവാസികള്‍ ഉടന്‍തന്നെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സന്ധ്യയെ. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു സന്ധ്യയും മനോജും. 13 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നം തന്നെയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."