ചരക്ക് നീക്കത്തില്‍ കുതിപ്പുമായി കൊച്ചി തുറമുഖം
കൊച്ചി: ചരക്ക് നീക്കത്തില്‍ വന്‍കുതിപ്പുമായി കൊച്ചി തുറമുഖം മുന്നേറുന്നു. കണ്ടെയ്‌നര്‍ നീക്കത്തില്‍ കൊച്ചി തുറമുഖം ആദ്യമായി നാല് ലക്ഷമെന്ന മാര്‍ജിന്‍ കടന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മേയില്‍ 6.06 മില്യണ്‍ ടണ്‍ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 5.54 മില്യണ്‍ ടണ്ണിനേക്കാള്‍ 9.37 ശതമാനമാണ് വര്‍ധന. കണ്ടെയ്‌നര്‍ നീക്കത്തിലുണ്ടായ കുതിപ്പ് 26.36 ശതമാനമാണ്. 94,862 ടി.ഇ.യുവില്‍ നിന്ന് 1.19 ലക്ഷം ടി.ഇ.യുവിലേക്ക് കണ്ടെയ്‌നര്‍ നീക്കം ഉയര്‍ന്നു.
ഗുജറാത്ത് അടക്കം ആഭ്യന്തര തുറമുഖങ്ങളിലേക്ക് ചരക്ക് നീക്കം മെച്ചപ്പെട്ടത് കഴിഞ്ഞ പാദത്തില്‍ കൊച്ചിയ്ക്ക് പുതിയ ഉണര്‍വ് പകര്‍ന്നു. വാളയാര്‍ ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കുള്ള കാലതാമസവും ഒഴിവായതിലൂടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ നിന്ന് കൂടുതല്‍ ചരക്കുകള്‍ എത്തിയതും ഗുണം ചെയ്തു. ചൈനയെ ബന്ധിപ്പിച്ചുള്ള മെയിന്‍ലൈന്‍ സര്‍വിസായ ഗാലക്‌സിന്റെ സാന്നിദ്ധ്യവും കൊച്ചിയ്ക്ക് നേട്ടമായി.
കൂടുതല്‍ പുതിയ മെയിന്‍ലൈന്‍ സര്‍വിസുകള്‍ക്കായി കൊച്ചി തുറമുഖ ട്രസ്റ്റും വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന്റെ നടത്തിപ്പു ചുമതലയുള്ള ദുബായ് പോര്‍ട്ട് (ഡി.പി) വേള്‍ഡും ശ്രമിക്കുന്നുണ്ട്. കൊച്ചി ന്യൂയോര്‍ക്ക് നേരിട്ടുള്ള ചരക്കു നീക്കത്തിനുള്ള ശ്രമവും തുടരുകയാണ്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ശ്രേയസ് ഷിപ്പിങ് കമ്പനിയും സഹകരിച്ചുള്ള സര്‍വിസുകളും കൊച്ചി പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചി അമ്പലമുകളില്‍ ബി.പി.സി.എലിന്റെ റിഫൈനറി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതി ഏപ്രിലോടെ കമ്മിഷന്‍ ചെയ്യുമെന്നാണ് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലേക്ക് കമ്മിഷന്‍ നീളുമെന്നാണ് സൂചന. റിഫൈനറി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മൊത്തം ചരക്കു നീക്കത്തില്‍ ഏഴ് മുതല്‍ എട്ട് മില്യണ്‍ ടണ്‍ വരെ കുതിപ്പുണ്ടാകുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വിലയിരുത്തുന്നു. ഏറെക്കാലമായി ചരക്കു നീക്കത്തില്‍ ആറ് ഏഴ് ശതമാനത്തിനടുത്തോ അതിനു താഴെയോ വളര്‍ച്ചയാണ് കൊച്ചി തുറമുഖം രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മൊത്തം ചരക്കു നീക്കത്തിലുണ്ടായ വര്‍ധന വെറും 0.6 ശതമാനമാണ്. കണ്ടെയ്‌നര്‍ നീക്കം 6.58 ശതമാനം വര്‍ധിച്ചു. നടപ്പു വര്‍ഷത്തെ ആദ്യ പാദത്തില്‍ ഈ ട്രെന്‍ഡ് കൊച്ചി മാറ്റി എഴുതി. ചരക്കുനീക്കം 9.37 ശതമാനത്തിലേക്ക് വളര്‍ച്ച മെച്ചപ്പെടുത്തി. കണ്ടെയ്‌നര്‍ നീക്കമാകട്ടെ 26.36 ശതമാനത്തിലേക്കാണ് കുതിച്ചത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി കൈകാര്യം ചെയ്ത മൊത്തം ചരക്ക് 22.10 മില്യണ്‍ ടണ്ണാണ്. വര്‍ധന 2.33 ശതമാനം. കണ്ടെയ്‌നര്‍ നീക്കം ചരിത്രത്തിലാദ്യമായി നാല് ലക്ഷം കടന്ന് 4.19 ലക്ഷം ടി.ഇ.യുവിലെത്തി. വര്‍ധന 14.51 ശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."