'തൊഴിലാളികളുടെ മക്കള്‍ക്കായി സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം'
തിരുവനന്തപുരം: തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഉന്നത പഠന രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ക്കായി സിവില്‍ സര്‍വിസ് പരിശീലനമടക്കം വിവിധ പരിശീലന പരിപാടികള്‍ ഈ വര്‍ഷം തന്നെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മുഖേന ആരംഭിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ജില്ലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് കിലെ സംഘടിപ്പിച്ച ഉപരിപഠന മാര്‍ഗനിര്‍ദേശക ക്ലാസും അനുമോദനയോഗവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപ്യാ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ വകുപ്പ് അടുത്തിടെ തുടങ്ങിയ ജോബ് പോര്‍ട്ടലിന്റെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇന്ത്യയിലെയും വിദേശത്തേയും പഠന ജോലി സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും വിധം രൂപകല്‍പന ചെയ്തിട്ടുള്ള പോര്‍ട്ടല്‍ ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 249 കുട്ടികളെയും പ്ലസ് ടുവിന് എ പ്ലസ് നേടിയ 57 കുട്ടികളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്.
ഉപരി പഠന മാര്‍ഗ നിര്‍ദ്ദേശം, വിദ്യാര്‍ഥികളും സാമൂഹ്യ നവമാധ്യമങ്ങളും, വിദ്യാര്‍ഥികളും വ്യക്തിത്വ വികസനവും എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംഘടിപ്പിച്ചു. കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബെക്കര്‍, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ഷജീന, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ കെ. മല്ലിക, ഫെലോ ബൈജു ചന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."