ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി 'റേ ഓഫ് ഹോപ്പ് '
കണ്ണൂര്‍: നാല് മാസം കൊണ്ട് 15 ലക്ഷം പേരുടെ വിരലടയാളം കൊണ്ട് വരച്ച 'റേ ഓഫ് ഹോപ്പ്' ചിത്രത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. വിരലടയാളങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ചിത്രമായാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം അസി. പ്രൊഫ. ഡോ. നവീന്‍ കോവലിന്റെ ആശയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പിന്തുണയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. തിരുവനന്തപുരം എസ്.എം.സി.ഐ മെഡിക്കല്‍ കോളജില്‍ 2016 സെപ്തംബറില്‍ ചിത്രം ഔദ്യോഗികമായി അനാച്ഛാദനം നടത്തിയിരുന്നു.
ഡോക്ടര്‍മാര്‍ക്കെതിരേ വര്‍ധിച്ചു വരുന്ന ആക്രമണ പ്രവണതക്കെതിരേയുള്ള പ്രത്യാശയുടെ കിരണം (റേ ഓഫ് ഹോപ്പ്) എന്ന പേരിലാണ് ചിത്രം രൂപകല്‍പ്പന ചെയ്തത്. 469.75 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് ചെലവ്.
ഇന്ത്യയിലെ 20,000 ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഡോ. നവീന്‍ കോവല്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി.പി വേണുഗോപാലന്‍, ഡോ. നവീന്‍ കോവല്‍, ഡോ. മൊയ്തീന്‍ മഠത്തില്‍, ഡോ. ജുബിന്‍ ഇടമന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."