ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ദലൈലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈന നടത്തുന്ന പരാമര്‍ശത്തിനെതിരേ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ചൈനയോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഇടപെടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന് തടസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൃത്രിമ വിവാദങ്ങളാണ് ചൈനയുണ്ടാക്കുന്നത്. അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഖണ്ഡതയെ ചോദ്യം ചെയ്ത് ജനങ്ങളെ പരിഭ്രാന്തിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ ബദ്ധശത്രുവായ ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കുന്നതിനെതിരേ ചൈന നിരന്തരം എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അസമിലും ഇന്നലെ അരുണാചല്‍പ്രദേശിലും എത്തിയ ലാമക്കെതിരേയും അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നല്‍കിയ ഇന്ത്യക്കെതിരേയും വീണ്ടും ചൈന പ്രതികരിച്ച സാഹചര്യത്തിലാണ് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് മന്ത്രി കിരണ്‍ റിജിജു ചൈനക്ക് മുന്നറിയിപ്പ് നല്‍കിയത്.
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത് തികച്ചും ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരിക്കല്‍പോലും അദ്ദേഹം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നില്ല. അരുണാചല്‍പ്രദേശില്‍ അദ്ദേഹം നടത്തുന്ന സന്ദര്‍ശനത്തെ ആര്‍ക്കും വിലക്കാനാകില്ലെന്നു പറഞ്ഞ മന്ത്രി ഇന്ത്യയുടെ അവിഭാജ്യഘടകമായ സംസ്ഥാനമാണ് ഇതെന്നും ചൈനയെ ഓര്‍മിപ്പിച്ചു.
ചൈനയുമായി പരസ്പര സഹകരണമുണ്ടെങ്കിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇതുവരെ ഇന്ത്യ ഇടപെട്ടിട്ടില്ല. ഇതേപോലെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കും ഒരവകാശവുമില്ല. ചൈനയെ ഇന്ത്യ എല്ലാ അര്‍ഥത്തിലും മാനിക്കുന്നുണ്ട് -കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.
അരുണാചല്‍ പ്രദേശ് തര്‍ക്കഭൂമിയാണെന്ന ചൈനയുടെ പരാമര്‍ശത്തെ തള്ളിയ മന്ത്രി അരുണാചല്‍പ്രദേശ് രാജ്യത്തെ സമ്പൂര്‍ണമായ സംസ്ഥാനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."