ഇടുക്കി ഡാമില്‍ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് നാലരയടി വെള്ളം: മുല്ലപ്പെരിയാറില്‍ 3.6 അടി കൂടി
തൊടുപുഴ: തോരാമഴയില്‍ ഇടുക്കി ഡാമില്‍ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് നാലരയടി വെള്ളം. 2333.62 അടി യാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. 4.557 അടിയാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്.
ശേഷിയുടെ 32.791 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 10.868 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. 7.76 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 78.13 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. കഴിഞ്ഞ ഏഴിന് 25 ശതമാനമായിരുന്ന ജലശേഖരം അഞ്ച് ദിവസം കൊണ്ട് എട്ടര ശതമാനമാണ് കൂടിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഒറ്റ ദിവസംകൊണ്ട് 3.6 അടി വെള്ളം കൂടി.
ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് 124.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
വൈദ്യുതി ബോര്‍ഡ് സംഭരണികളിലെ ജലശേഖരം ഒറ്റ ദിവസം കൊണ്ട് നാല് ശതമാനമാണ് കൂടിയത്. ഇതോടെ മൊത്തം ജലശേഖരം 33 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 സംഭരണികളില്‍ രേഖപ്പെടുത്തിയ കണക്കാണിത്. ഇത്രയും വെള്ളം കൊണ്ട് 1361.477 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംഭരണികളില്‍ കൂടിയത് 10 ശതമാനം വെള്ളമാണ്. മഴ ശക്തി പ്രാപിച്ച ആദ്യ രണ്ട് ദിവസം കാര്യമായി വെള്ളം ഒഴുകിയെത്തിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പഴയകാല റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് ഉണ്ടായത്. തിങ്കളാഴ്ച മാത്രം 178.971 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ പോലും ഇത്രയധികം വെള്ളം ഒഴുകിയെത്തിയിട്ടില്ല.
നേര്യമംഗലം, പൊരിങ്കല്‍, ലോവര്‍ പെരിയാര്‍ സംഭരണികള്‍ നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 36 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍ 23, ഇടമലയാര്‍ 20, കുണ്ടള 13, മാട്ടുപ്പെട്ടി 40, കുറ്റ്യാടി 67, തരിയോട് 24, പൊന്മുടി 73 ശതമാനം എന്നിങ്ങനെ ഉയര്‍ന്നപ്പോള്‍ ആനയിറങ്കല്‍ സംഭരണിയില്‍ മാത്രം കാര്യമായി മഴ ലഭിക്കാത്തിതിനാല്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
ഇവിടെ ഏഴ് ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ലോവര്‍ പെരിയാറിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 21.7 സെ.മീ., കക്കി 17.4, തരിയോട് 16.8, പൊന്മുടി 16.7 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ചെങ്കുളത്താണ്, എട്ട് സെ.മീ. 62.717 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 19.1233 ദശലക്ഷം യൂണിറ്റായിരുന്നു. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."