കനത്ത മഴ: കോഴിക്കോടും മലപ്പുറത്തും ഉരുൾ പൊട്ടൽ; ഒരു മരണം
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. കോഴിക്കോട് മൂന്നിടത്തും മലപ്പുറത്ത് ഒരിടത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. താമരശ്ശേരി കരിഞ്ചോലയില്‍ അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്.
കോഴിക്കോട് താമരശ്ശേരി, കട്ടിപ്പാറ, ബാലുശ്ശേരി , കരുവന്‍പൊയില്‍,പനങ്ങാട്, മങ്കയം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. ഇവര്‍ താമസിച്ചിരുന്ന താല്‍കാലിക ഷെഡും വളര്‍ത്തു മൃഗങ്ങളും ഒലിച്ചു പോയി. ഈങ്ങാപ്പുഴ, നെല്ലാപ്പളി, പുനൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. പുതുപ്പാടി പാറശേരി പ്രദേശം വെള്ളത്തിനടിയിലായി. വാഴ അടക്കമുള്ള കൃഷികള്‍ നശിച്ചു. പുല്ലൂരാംപാറയില്‍ ഏഴു വീടുകള്‍ വെള്ളത്തിനടിയിലായി.
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരിയിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു.
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വൻ വെള്ളപ്പൊക്കം. ശക്തമായ മഴ തുടരുന്നു. മേഖലയിലെ നിരവധി വീടുകളിലും അങ്ങാടികളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ. നിരവധി റോഡുകളും പാലങ്ങളും വെള്ളത്തിനടിയിൽ ആയതിനാൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
മലപ്പുറത്തും ഒരുമരണം
മലപ്പുറം ജില്ലയിലെ എവടണ്ണയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ, മത്സ്യബന്ധത്തിനിടെ കടലില്‍ കാണാതായ താനൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
വയനാട്
വയനാട് ജില്ലയിലെ ലക്കിടിയില്‍ മരം കടപുഴകി വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിടിഞ്ഞ് രണ്ടു വീടുകള്‍ തകര്‍ന്നു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."