അപകട സാധ്യതകള്‍ അവഗണിച്ച് സ്കൂള്‍ വാഹനങ്ങള്‍ ചീറിപ്പായുന്നു
നെയ്യാറ്റിന്‍കര: സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിയും മുന്‍പേ കുട്ടികളെ കുത്തിനിറച്ച് അപകട സാധ്യതകള്‍ അവഗണിച്ച് സ്കൂള്‍ വാഹനങ്ങള്‍ ചീറി പായുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും. സ്കൂള്‍ ബസുകളെ അപേക്ഷിച്ച് സ്വകാര്യ സ്കൂളുകളിലേയ്ക്ക് കൊച്ചു കുട്ടികളെയും വഹിച്ചു കൊണ്ടുള്ള മിനി വാനുകളാണ് മത്സര ഓട്ടത്തില്‍ മുന്നിലുള്ളത്.
ബന്ധപ്പെട്ടവര്‍ ഇത്തരത്തിലുളള കാഴ്ചകള്‍ കണ്ടിട്ടും മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. താലൂക്കില്‍ കുട്ടികളെ കയറ്റി പോകുന്ന പല വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ഇല്ലന്നുള്ളതാണ് യാധാര്ഥ്യം.
ഇത്തരത്തില്‍ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ സ്കൂള്‍ വാന്‍ എന്ന ബോര്‍ഡ് വച്ച് സ്കൂള്‍ ആവശ്യങ്ങള്‍ക്ക് ശേഷം പാരലല്‍ സര്‍വിസ് നടത്തുന്നതായും ആക്ഷേപമുണ്ട്. സ്കൂള്‍ വാന്‍ എന്ന ബോര്‍ഡ് വലുപ്പത്തില്‍ പ്രദര്ശിക്കുന്നതിനാല് അധികൃതരുടെ ഭാഗത്തു നിന്നും പരിശോധനയും നടക്കാറില്ല. ഇത്തരത്തില്‍ സര്‍വിസ് നടത്തുന്ന നിരവധി വാഹനങ്ങളാണ് ബാലരാമപുരം-നെയ്യാറ്റിന്‍കര -പാറശാല ഏരിയകളില്‍ സര്‍വിസ് നടത്തുന്നത്.
സ്കൂള്‍ കുട്ടികളെ കുത്തി നിറച്ച് അമിത വേഗത്തില്‍ പായുന്ന മുചക്ര വാഹനങ്ങളും ഇക്കൂട്ടത്തില്‍ ധാരാളം.
കഴിഞ്ഞദിവസം പ്രാവച്ചമ്പലം കാട്ടാക്കട റോഡില്‍ നിന്ന് ദേശീയപാതയിലേയ്ക്ക് രാവിലെ സ്കൂള്‍ കുട്ടികളെ കുത്തി നിറച്ച് അമിത വേഗത്തിലെത്തിയ മഹേന്ദ്ര വാന്‍ കെ.എസ്.ആര്.ടി.സി ബസ് സൈഡ് നല്‍കിയില്ല എന്ന കാരണത്താല്‍ ബസ് ഡ്രൈവറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നാട്ടുകാര്‍ ഇടപെടുകയുണ്ടായി.
സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്കൂള്‍ സമയങ്ങളില്‍ മൂക്കുന്നിമല ക്വാറികളിലേയ്ക്കുള്ള ലോറികളുടെ ചീറി പാച്ചിലിന് നിയന്ത്രണം ഏര്‍പ്പെടുത്താനും അധികൃതര്‍ ശ്രമിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് ഇട നല്‍കുകയാണ്.
ഈ ഭാഗത്ത് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബൈക്കിലെത്തിയ ഗൃഹനാഥനെ ലോറി ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ സംഭവത്തിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. അപകടത്തില്‍ ഗൃഹനാഥന് മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."