മഴ തുടരുന്നു; മലയോരമേഖലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം
മുക്കം: മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്നു മേഖലയില്‍ അധികൃതര്‍ കര്‍ശന ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകള്‍ക്കു പുറമെ കൊടിയത്തൂര്‍ പഞ്ചായത്തിലുള്ളവരും മുക്കം നഗരസഭയിലെ പുഴയോടുചേര്‍ന്നു താമസിക്കുന്നവരും ഇപ്പോള്‍ വലിയ ഭീതിയിലാണു കഴിയുന്നത്. വന്‍തോതിലുള്ള കൃഷിനാശവും മണ്ണിടിച്ചിലും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാരശ്ശേരി പഞ്ചായത്തില്‍ നോര്‍ത്ത് കാരശ്ശേരിയിലെ ആറോളം വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് പഞ്ചായത്തിലെ 15 വീടുകള്‍ ഒഴിപ്പിച്ചു. കാരമൂല പുതിയോട് കോളനിയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കാരശ്ശേരി പഞ്ചായത്തിലെ നീന്തല്‍ വിദഗ്ധരുടെ ലിസ്റ്റ് പഞ്ചായത്ത് അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.
ആനയാംകുന്ന് ജി.എല്‍.പി സ്‌കൂള്‍, കാരമൂല ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍, ചോണാട് അങ്കണവാടി എന്നിവിടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് അധികൃതരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."