പ്രശ്‌നക്കാരായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റി പാര്‍പ്പിക്കാന്‍ വനംവകുപ്പ്
കോതമംഗലം: കോട്ടപ്പടി കോട്ടപ്പാറയില്‍ നിന്നും പ്രശ്‌നക്കാരായ കാട്ടാനകളുടെ കാട് മാറ്റല്‍ പ്രക്രീയക്ക് ഇന്നലെ രാവിലെ മുതല്‍ തുടക്കമായി. കോട്ടപ്പടി കോട്ടപ്പാറയില്‍ നാട്ടുകാര്‍ക്കു സ്ഥിരം ശല്യമായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റി പാര്‍പ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ കര്‍മ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ വടാട്ടുപാറ ഇടമലയാര്‍ മേഖലയിലെ നാട്ടുകാരുടെ ഭയാശങ്കള്‍ ഇരട്ടിയായി.
കോട്ടപ്പടി കോട്ടപ്പാറ വനമേഖലയില്‍ പെറ്റുപെരുകിയ കാട്ടാനകൂട്ടത്തെ സമീപത്തെ ഇടമലയാര്‍ കരിമ്പാനി വനത്തിലേക്കു തുരത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് നടപ്പിലാവുന്നതോടെ ഇടമലയാര്‍ മേഖലയില്‍ നിലവിലുള്ള കാട്ടാന ശല്യം പതിന്‍മടങ്ങ് വര്‍ധിക്കുമെന്നാണു പ്രദേശവാസികളുടെ പ്രധാന ആരോപണം.
ആധൂനീകവും പരമ്പരാഗതവുമായ മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇതിനുള്ള കര്‍മപദ്ധതി വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
പരിശീലനം ലഭിച്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുള്‍പ്പെടുന്ന 200 ളം വരുന്ന സംഘമാണ് ഇതിനായി ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് സംഗമിച്ചിരിക്കുന്നത്.18 ഗ്രൂപ്പുകളായി തിരിച്ച് ഇവരെ വനമേഖലകളിലേക്ക് അയക്കുന്നതിനാണ് ഉന്നത തലത്തില്‍ തീരുമാനമായിട്ടുള്ളത്.
കടുവയുടെ അലര്‍ച്ച മെഗാഫോണ്‍ വഴി വലിയ ശബ്ദത്തില്‍ കേള്‍പ്പിക്കുക,തീ പന്തം എറിയുക ,പാട്ടകൊട്ടുക തുടങ്ങി നിരവധിമാര്‍ഗ്ഗങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും ഇത്ര ബ്രഹത്തായ രീതിയില്‍ ആനകളെ കൂട്ടത്തോടെ സ്ഥലം മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നീക്കം വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യാമാണെന്നുമാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
തൃശൂര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍ ഡി .എഫ.ഒ., തുണ്ടം, കോടനാട് റേഞ്ച് ഓഫിസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒഴിപ്പിക്കല്‍ പരിപാടിക്ക് കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ആമ്പുലന്‍സ് ,ഡോക്ടര്‍മാര്‍, തുടങ്ങി സര്‍വ്വ സന്നാഹങ്ങളും സജ്ജമാക്കിയ ശേഷമാണ് 'കര്‍മ്മസേന' കാട്ടില്‍ പ്രവേശിക്കുന്നത്.മുഴുവന്‍ ആനകളും കരിമ്പാനികാട്ടിലെത്തിയെന്നുറപ്പാക്കിയ ശേഷമേ ദൗത്യസംഘം മടങ്ങു എന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിവരം.
അടുത്തിടെയായി കോട്ടപ്പാറയിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ചിരുന്നു.കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രുപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശവാസികള്‍ ആനശല്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വനമേഖയില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടത്തെ ഇടമലയാര്‍ കരിമ്പാനി വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചത്.
അടുത്തിടെ കോട്ടപ്പാറ വനത്തില്‍ വനം വകുപ്പ് നടത്തിയ സര്‍വ്വേയില്‍ മുപ്പതോളം ആനകളെ കണ്ടെത്തിയിരുന്നു. ഇതില്‍ 4 എണ്ണം കുഞ്ഞുങ്ങളാണ്. പത്ത് വര്‍ഷം മുന്‍പാണ് കരിമ്പാനി വനത്തില്‍ നിന്നും ഏതാനും ആനകള്‍ കോട്ടപ്പാറ വനത്തിലേക്ക് എത്തിയത്.
ഇവ പെറ്റുപെരുകി ഇപ്പോള്‍ ഈ വനമേഖലയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ഇനിയും പെറ്റുപെരികിയാല്‍ ജനവാസമേഖല അപ്പാടെ ആനക്കൂട്ടം തരിപ്പണമാക്കുന്ന സ്ഥിതി സംജാതമാവുമെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് നേരിട്ടിറങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."