മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചാല്‍ കുടുങ്ങും; മിന്നല്‍ പരിശോധനയില്‍ പിടിയിലായത് 18 പേര്‍
ആലപ്പുഴ: കൊച്ചിയിലെ മരടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി. ഡ്രൈവറുടെ അശ്രദ്ധയാണ് കുരുന്നുകളുടെ ജീവന്‍ കവര്‍ന്നതെന്ന കണ്ടെത്തലാണ് പൊലിസിനെ കൂടുതല്‍ കരുതല്‍ ഒരുക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്നലെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ബസുകളും കുട്ടികളെ കയറ്റുന്ന മറ്റു വാഹനങ്ങളുമാണ് പരിശോധിച്ചത്. മിന്നല്‍ പരിശോധന നടത്തിയത് 1646 വാഹനങ്ങളില്‍.
247 വാഹനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. മദ്യലഹരിയില്‍ വാഹനം ഓടിച്ചവര്‍ക്കും അനുവദനീയ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ മറ്റു വാഹനങ്ങള്‍ എന്നിവക്കെതിരേയുമാണ് സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ പരിശോധന നടത്തിയത്. ജില്ല ഒട്ടാകെ 801 സ്‌കൂള്‍ ബസുകളും 848 മറ്റു വാഹനങ്ങളും പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് 18 സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മരെ പിടികൂടി.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് 42 ഡ്രൈവര്‍മാര്‍ക്കെതിരേയും അമിതവേഗത്തില്‍ വാഹനം ഓടിച്ച 53 പേര്‍ക്കെതിരേയും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച ആറുപേര്‍ക്കെതിരേയും ട്രാഫിക്ക് നിയമലംഘന പ്രകാരം 128 പേര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചു.
ആകെ 51,100 രൂപ പിഴ ഇനത്തില്‍ ഈടാക്കി. ജില്ലയിലെ അപകട മേഖലകള്‍ പ്രത്യേക നിരീക്ഷണത്തിലാക്കും. ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ലൈസന്‍സ്, വാഹനങ്ങളുടെ പെര്‍മിറ്റ് എന്നിവ റെയ്ഡ് ചെയ്യുന്നതുള്‍പ്പെടെയുളള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. മുഴുവന്‍ സ്‌കൂളുകളിലും ഒരു അധ്യാപകനെ സേഫ്റ്റി ഓഫിസര്‍ ആയി നിയമിക്കണമെന്നും പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."