പെരുന്നാളിന് വിശ്വാസികളെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും
ജിദ്ദ: പെരുന്നാള്‍ പ്രാര്‍ഥനകള്‍ക്കു വിശ്വാസികളെ വരവേല്‍ക്കാന്‍ മക്കയും മദീനയും ഒരുങ്ങി. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും തിങ്ങിനിറയുന്ന വിശ്വാസികള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ മക്കയിലെ ഗതാഗതവും ഹറംപള്ളിയുടെ സുരക്ഷയും ആകാശ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. തിരക്കു നിയന്ത്രണം, ശുദ്ധജല വിതരണം, പൊതുസ്ഥലങ്ങളുടെ ശീതീകരണം, ശുചീകരണം തുടങ്ങിയവയുടെ ചുമതലയുള്ള വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു.
റമദാന്‍ അവസാന ദിനങ്ങളിലേക്ക് അടുക്കവേ ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കാന്‍ ഒട്ടേറെപ്പേരാണു പള്ളികളിലേക്ക് എത്തുന്നത്. പെരുന്നാള്‍ കഴിയുന്നതുവരെ പുണ്യനഗരങ്ങളില്‍ അതിജാഗ്രത തുടരുമെന്നു പൊലിസ് അറിയിച്ചു.
ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് നിര്‍ദേശം
ജിദ്ദ: ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി സുപ്രിം കോടതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അടുത്ത കോടതികളെ അറിയിക്കണം. റമദാന്‍ 29 ആയ ഇന്നു വൈകിട്ട് മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."