തുള്ളികുടിക്കാനില്ലെത്രേ...!
മാനന്തവാടി: പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡിന്റെ ഒരു വശത്ത് കൂടി പൈപ്പ് ഇടുന്നതിനായി അനുമതി തേടിക്കൊണ്ട് അപേക്ഷ നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. ജലനിധിപദ്ധതി പ്രകാരം 200 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായിനായിരുന്നു അപേക്ഷ നല്‍കിയിട്ടുള്ളത്. വെള്ളമുണ്ട പഞ്ചായത്തിന്റെ കീഴിലുള്ള മഴുവൂര്‍ കുടിവെള്ള പദ്ധതിക്കായി വെള്ളമെത്തിക്കുന്നതിനാണ് മഴുവൂര്‍ സ്‌കീംലെവല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി 2015 ഡിസംബര്‍ 29ന് പി.ഡബ്ല്യു.ഡി കല്‍പ്പറ്റ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി തേടിക്കൊണ്ട് അപേക്ഷ നല്‍കിയത്.
മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പഞ്ചായത്തിലെ ജലനിധി പ്രവര്‍ത്തനങ്ങളില്‍ അവശേഷിക്കുന്ന മഴുവൂര്‍ പദ്ധതിയില്‍ 600 ലധികം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തിക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും റോഡ് കുഴിക്കുന്നതിന് ആവശ്യമായ തുക അടക്കുന്നതിനുള്ള നിര്‍ദേശം കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. ഇതില്‍ 200 ഓളം കുടുംബങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡിനോട് ചേര്‍ന്ന വീടുകളിലാണ് കഴിയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പനമരം സെക്ഷന് കീഴില്‍ വരുന്ന തരുവണ-നാലാം മൈല്‍ റോഡില്‍ 3.525 കി.മീറ്റര്‍, പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ വരുന്ന തരുവണ പാലയാണ ജങ്ഷന്‍ മുതല്‍ കട്ടയാട് ഏഴെനാല്‍ വരെയുള്ള 6.8 കി മീ.ദൂരം ട്രഞ്ചിങ്ങ് നടത്തുന്നതിനും മൂന്ന് ഭാഗങ്ങളില്‍ റോഡ് മുറിക്കുന്നതിനുമാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി തേടിയത്. നവീകരിച്ച് റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ലെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം നിലവിലിരിക്കെ നിലവില്‍ ഈ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പെട്ടെന്ന് അനുമതി നല്‍കിയെങ്കില്‍ മാത്രമേ കനത്ത വേനല്‍ സാഹചര്യത്തില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുകയുള്ളു. പൈപ്പിങ് ജോലികള്‍ വൈകുന്നതിനാല്‍ തരുവണ ഏഴാംമൈല്‍ കുന്നോത്ത് കുന്ന്, വെള്ളരിക്കുന്ന്, പീച്ചങ്കോട് എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
നാലു കിണറുകളുണ്ട്; എന്നിട്ടും നെടുമ്പാലകുന്ന് കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി
പനമരം: നാലു കിണറും ഒരു കുഴല്‍ കിണറുമുണ്ട്, എന്നിട്ടും പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെടുമ്പാലകുന്ന് കോളനിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോടമോടുകയാണ്. കോളനിയിലെ നാല് കിണറുകളില്‍ മൂന്നും ഉപയോഗശൂന്യമാണ്. അവശേഷിക്കുന്ന കിണറില്‍ വെള്ളം വറ്റാറായി. അമ്പതോളം കുടുംബങ്ങളിലായി 300 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഒരു കിണറ്റില്‍ മാത്രമാണ് ദാഹജലമുള്ളത്. ഈ കിണറ്റില്‍ വെള്ളം ഊറിവരുന്നതും കാത്ത് കിണറ്റിനരികിലാണ് ഏത് സമയവും ഇവിടെയുള്ള കുടുംബാങ്ങള്‍. ദൂരെയുള്ള വീടുകളില്‍ വെള്ളത്തിനായി രാവിലെയും വൈകുന്നേരവും പോകുന്നതിനാല്‍ സ്ത്രീകള്‍ക്ക് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണ്. അലക്കാനും മറ്റും ഓട്ടോറിക്ഷ വിളിച്ച് കനത്ത ചാര്‍ജ്ജും നല്‍കി കൊയിലേരി പുഴയിലേക്കാണ് പോകുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഭൂഗര്‍ഭ ജലവിതരണ വകുപ്പ് സ്ഥാപിച്ച കുഴല്‍ കിണറും തീര്‍ത്തും ഉപയോഗശൂന്യമായ നിലയിലാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും പഞ്ചായത്തധികൃതര്‍ കിണറുകള്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കോളനിവാസികള്‍ ആരോപിച്ചു. ഉള്ള കിണറുകളില്‍ വെള്ളം ലഭിക്കാനായി കിണര്‍ കുഴിക്കാനായി ഇറങ്ങിയ കോളനിയിലെ സുബ്രഹ്മണ്യന്‍ വീണ് കാലിനും കൈക്കും സാരമായി പരുക്കേറ്റിട്ടും യാതൊരു വിധ ചികിത്സ സഹായവും ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കോളനിയിലെ ആദിവാസി കുടുംബങ്ങളും സമീപവാസികളും ഇപ്പോള്‍ ആശ്രയിക്കുന്നത് വെള്ളം വറ്റാറായ ഒരു കിണറിനെയാണ്. വേനല്‍ കനത്തതോടെ ഈ കിണറിലെ വെള്ളവും വറ്റി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഉപയോഗരഹിതമായുള്ളത് മൂന്ന് കിണറുകളും ഒരു കുഴല്‍ക്കിണറുമാണ് കടുത്ത വേനല്‍ മുന്നില്‍ കണ്ട് പലതവണ കുടിവെള്ള സ്രോതസ്സുകള്‍ നന്നാക്കുന്നതിനായി വാര്‍ഡ് മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആവശ്യത്തിലധികം കിണറുകളുണ്ടായിട്ടും വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ ദുരിതത്തിന് എന്ന് പരിഹാരമാകുമെന്നാണ് കോളനിവാസികളുടെ ചോദ്യം .
കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍; നന്നാക്കാന്‍ നടപടിയില്ല
ഗൂഡല്ലൂര്‍: കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ലെന്ന് പരാതി.
ദേവര്‍ഷോല പഞ്ചായത്തിലെ എട്ടാംമൈല്‍ പ്രദേശത്ത് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയത്. പ്രദേശത്തേക്ക് വുഡ് ബ്രയര്‍ മലയില്‍ നിര്‍മിച്ച തടയണയില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇവിടെ സ്ഥാപിച്ച പൈപ്പ് കാട്ടാന തകര്‍ത്തതോടെയാണ് കുടിവെള്ളം മുടങ്ങിയത്. എന്നാല്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ഗൂഡല്ലൂര്‍ നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ബല്‍മാടി കുടിവെള്ള പദ്ധതിയില്‍ പൈപ്പുകളും കാട്ടാന തകര്‍ത്തിരുന്നു. അഞ്ചിടങ്ങളിലാണ് പൈപ്പുകള്‍ പൊട്ടിയിരുന്നത്. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇടപെട്ട് താല്‍ക്കാലികമായി നന്നാക്കിയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്.
കുടിവെള്ളമില്ലാതെ ആര്‍മാട് പണിയ കോളനിയും
സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ ആര്‍മാട് പണിയ കോളനിയിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിന്നായി നെട്ടോട്ടമോടുന്നു. കോളനിയിലെ 10-ാളം കുടുംബങ്ങള്‍ കുടിവെള്ളത്തിന്നായി ആശ്രയിച്ചിരുന്ന ഏക കിണര്‍ കനത്ത വേനലില്‍ വറ്റിയതാണ് കുടിവെള്ളക്ഷാമത്തിന് കാരണം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ കോളനിയില്‍ ഉണ്ടെങ്കിലും ജലവിതരണം നടക്കുന്നത് വല്ലപ്പോഴുമാണ്. പലപ്പോഴും അര്‍ധരാത്രിയില്‍ പൈപ്പില്‍ വെള്ളം എത്തുന്നതിനാല്‍ കോളനിയിലെ പലരും അറിയാറില്ല.
നിലവില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമാണ് കുടുംബങ്ങള്‍ വെള്ളം ശേഖരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കോളനിക്കാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."