രണ്ടാഴ്ചയായി കുടിവെള്ളമില്ല; കല്യാട്ടുകുന്നുകാര്‍ കുത്തിയിരിപ്പ് സമരം നടത്തി
മാനന്തവാടി: കുടിവെള്ള വിതരണം മുടങ്ങി രണ്ടാഴ്ചയിലധികമായിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മാനന്തവാടി നഗരസഭയിലെ മൂന്നാം ഡിവിഷനില്‍പ്പെട്ട കല്യോട്ട് കുന്ന് നിവാസികളാണ് സമരവുമായി രംഗത്തെത്തിയത്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങളാണ് ദിവസങ്ങളായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. രണ്ട് പൊതുകിണറുകളും ആറ് പൊതു ടാപ്പുകളുമാണ് പ്രദേശത്തുള്ളത്. വേനല്‍ കനത്തതോടെ കിണറുകള്‍ വറ്റിവരണ്ടു. പൊതു ടാപ്പുകളില്‍ ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് കുടിവെള്ള വിതരണം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് കൂടി നിലച്ചതോടെയാണ് പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായത്. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഈ ഓഫിസില്‍ മിക്ക ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ ഉണ്ടാകാറില്ലെന് മുമ്പും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്കുള്ള പമ്പിങ് ലൈനില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് ഹൗസ് കണക്ഷന്‍ നല്‍കിയതാണ് വെള്ളം ലഭിക്കാതിരിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. നഗര സഭ ടാപ്പുകള്‍ക്ക് കൃത്യമായ തുകയും വാട്ടര്‍ അതോറിറ്റിയില്‍ അടക്കുന്നുണ്ട്. പ്രദേശത്ത് ഒരു കോടി 28 ലക്ഷം രൂപ ചിലവഴിച്ച് കുടിവെള്ള വിതരണത്തിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പദ്ധതി കമ്മിഷന്‍ ചെയ്തിട്ടില്ല. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ഓഫിസ് ഉപരോധ മടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമരത്തിന് നഗരസഭാ കൗണ്‍സിലര്‍ സീമന്തിനി സൂരേഷ്, ബാബു പുളിക്കന്‍, എംകെ ഹമീദ്, പി.സി ഇബ്രാഹിം, ബിയ്യാത്തു, സജ്‌ന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."