വേണ്ടത് കരുതലും പരിരക്ഷയും
ഓട്ടിസത്തിനു പ്രത്യേക മരുന്നില്ല; ഓട്ടിസം മൂലമുണ്ടാകുന്ന അനുബന്ധപ്രശ്‌നങ്ങള്‍ക്കള്‍ക്കാണു ചികിത്സയും മരുന്നുമൊക്കെ. വീട്ടില്‍നിന്നും പൊതുസമൂഹത്തില്‍നിന്നുമുള്ള കരുതലും സ്‌നേഹവുമാണ് ഇവര്‍ക്കു വേണ്ടത്. മാതാപിതാക്കള്‍ക്കാണ് ഇവരുടെ മാറ്റത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാനാവുക. മാതാപിതാക്കള്‍ക്കു കൃത്യമായ രീതിയില്‍ പരിശീലനം നല്‍കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
നേരത്തെയുള്ള ഇടപെടല്‍ എന്നത് ഓട്ടിസം കുട്ടികളുടെ പുനരധിവാസ പ്രക്രിയയില്‍ പ്രധാനമാണ്. ബുദ്ധിയുടെ വളര്‍ച്ച നടക്കുന്ന പിറവി മുതല്‍ മൂന്നു വയസ്സുവരെയുള്ള കാലയളവില്‍ വിദഗ്ധരുടെ ഇടപെടല്‍ ഉറപ്പുവരുത്തിയാല്‍ വൈകല്യങ്ങളുടെ സങ്കീര്‍ണതകളില്‍ 80 ശതമാനത്തോളം കുറയ്ക്കാനാവുമെന്നാണു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതികത വികസിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മേഖലയിലെ നേരത്തെയുള്ള ഇടപെടലിനാവശ്യമായ സംവിധാനം ഒരുക്കേണ്ടതുണ്ട്.
ഇത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. മക്കളെ പരിചരിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വന്നവര്‍, കുട്ടിയുടെ അവസ്ഥ കണ്ട് ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ ഇവരെല്ലാം അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. കിട്ടുന്ന ആനുകൂല്യങ്ങള്‍ നിസാരമാണ്. ആശ്വാസകിരണം പദ്ധതിയില്‍ രക്ഷിതാക്കളില്‍ പലര്‍ക്കും പെന്‍ഷന്‍ ലഭ്യമായിരുന്നു. എന്നാല്‍ അപേക്ഷിച്ചിട്ടും ഇത് വരെ ലഭിക്കാത്തവരും നിലവിലുണ്ട്.
ഓട്ടിസമുള്ള കുട്ടികള്‍ക്ക് സ്വാഭാവിക ശാരീരിക വളര്‍ച്ച ലഭിക്കാന്‍ ആരോഗ്യരംഗത്ത് സ്പീച്ച് തെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ പരിശീലനങ്ങളാണ് നല്‍കി വരുന്നത്. എന്നാല്‍ ഫിസിയോ തെറാപ്പി മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇത് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് അവരുടെ സാമ്പത്തിക പരിമിതി കാരണം അപ്രാപ്യമാണ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ കോഴ്‌സുകള്‍ ഒന്നും തന്നെ ഇന്ന് നിലവിലില്ല എന്നതും തീര്‍ത്തും നിരാശജനകമാണ്.
ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ഇത്തരം സെന്ററുകള്‍ തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടാതെ ഓട്ടിസമുള്ള കുട്ടികള്‍ക്ക് പ്രധാനമായും നല്‍കേണ്ട ഒക്യുപേഷനല്‍ തെറാപ്പി സേവനം നമ്മുടെ സംസ്ഥാനത്ത് അത്യപൂര്‍വമായ മേഖലയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ ഓട്ടിസമുള്ളവര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റുകളെ നിയമിക്കാനും മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കേണ്ടതുമുണ്ട്. സ്പീച്ച് തെറാപ്പിയുടെയും മറ്റ് തെറാപ്പികളുടെയും അവസ്ഥ മറിച്ചല്ല.
ഓട്ടിസമുള്ള കുട്ടികള്‍ക്ക് ഞരമ്പ് സംബന്ധമായിട്ടാണ് അസുഖങ്ങള്‍ കൂടുതല്‍ കാണുന്നത്. ഇതിനെ മരുന്നുപയോഗിച്ച് സുഖപ്പെടുത്താമെന്നാണ് വൈദ്യശാസ്ത്ര മേഖല പറയുന്നത്. എന്നാല്‍ ഇതിനുവേണ്ട മരുന്നുകള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടു പെടുന്ന രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവത്തതാണ്. ഇതിനു പരിഹാരമായി പ്രാദേശിക ആശുപത്രി മുതല്‍ സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം.
സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കാള്‍ ഇന്‍ക്ലൂസീവ് വിദ്യാഭ്യാസമാണ് ഇത്തരം കുട്ടികള്‍ക്ക് ഗുണം ചെയ്യുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു വേണ്ടിയാണ് സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 34 ഓട്ടിസം സെന്ററുകള്‍ നടത്തുന്നത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തില്‍ തൃപ്തിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മെച്ചപ്പെട്ട പരിശീലകരുടെ അഭാവമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് വകുപ്പ് തലത്തില്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇവിടുത്തെ റിസോഴ്‌സ് അധ്യാപകരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിച്ചിരിക്കയാണ്. ഇത് വരെയും കരാര്‍ പുതുക്കാനുള്ള പ്രാരംഭ നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല എന്നതും വസ്തുതയാണ്.
എസ്.ഇ.ആര്‍.ടിയുടെ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്) പുതിയ കരിക്കുലത്തില്‍ ഓട്ടിസമടക്കമുള്ള ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ശാസ്ത്രീയമായ പാഠ്യ പദ്ധതിയും പാഠ്യ ക്രമവും നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെ ദ്രുതഗതിയില്‍ നടപ്പിലാക്കണം. ഇത്തരം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ നിലവില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡ് എന്ന ഏക സ്ഥാപനമേയുള്ളൂ.
400 ലധികം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ കേരളത്തിലുണ്ടെങ്കിലും 275 എണ്ണത്തിനേ സര്‍ക്കാര്‍ അംഗീകാരമുള്ളൂ. ഈ 275 എണ്ണത്തില്‍ ഓട്ടിസമടക്കം ബുദ്ധി വൈകല്യമുള്ള ഇരുപതിനായിരം കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് അവരുടെ രക്ഷിതാക്കള്‍ക്ക് മാത്രമറിയാവുന്ന കാര്യമാണ്. അതൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ ഈ മേഖലയുമായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തണം. കേരളത്തില്‍ നിലനില്‍ക്കുന്ന ബഡ്‌സ് സ്‌കൂളുകളുകള്‍ പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കണം.
18 വയസ് വരെയുള്ള വിദ്യാഭ്യാസ കാലയളവിനുശേഷം ഈ കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യമാണ് പല രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. തൊഴില്‍ വകുപ്പുമായി സഹകരിച്ച് ഇവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ആനുകൂല്യങ്ങള്‍ നല്‍കിയും, പ്രത്യേക ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. കേരളത്തില്‍ നിലവില്‍ സ്വകാര്യ സംരംഭങ്ങളില്‍ ഓട്ടിസുള്ള കുട്ടികള്‍ ജോലി ചെയ്ത് കുടുംബത്തിന്റെ വരുമാന മാര്‍ഗമായി മാറുന്നുണ്ട്. പൊതുവെ ഇത്തരം കുട്ടികളെ വലിയ സാങ്കേതിക സങ്കീര്‍ണതകളില്ലാത്ത സര്‍ക്കാര്‍ ജോലികള്‍ക്കായി തെരഞ്ഞെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ഓട്ടിസമടക്കമുള്ള മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ ക്രമാതീതമായി കേരളത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായി ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശോധിക്കന്നതിനും ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നേരത്തെ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തയാറാവണം.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."