കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തിലെ കൗണ്‍സിലിനെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം.
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയ ദിവസം നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗ നടപടികള്‍ റദ്ദ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാത്തതാണ് ബഹളത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവ് പി.എം സുരേഷ്ബാബുവിന്റെ ആവശ്യം മേയര്‍ തള്ളി. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
താന്‍ കത്ത് നല്‍കിയിട്ടുപോലും അത് അവഗണിച്ച് യോഗം നടത്തിയതില്‍ പ്രതിഷേധമുണ്ടെന്നും കൗണ്‍സില്‍ യോഗം നടത്തിയവര്‍ കൊലയാളികള്‍ക്ക് ഒപ്പമാണെന്നും പി.എം സുരേഷ്ബാബു പറഞ്ഞു. ഇത് വന്‍ ബഹളത്തിനും വാക്‌പോരുകള്‍ക്കും ഇടയാക്കി. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
എന്നാല്‍ ചട്ടപ്രകാരമാണ് കൗണ്‍സില്‍ നടന്നതെന്നും നടപടികള്‍ റദ്ദ് ചെയ്യാനാകില്ലെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഭരണപക്ഷ കൗണ്‍സിലര്‍മാരും നിലപാടെടുത്തു. അജണ്ടകള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പാണ് മേയറുടെ അനുമതിയോടെ പ്രതിപക്ഷ നേതാവ് പി.എം സുരേഷ്ബാബു സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പരിപാടികള്‍ മാറ്റിവച്ചിട്ടും കൗണ്‍സില്‍ യോഗം നടന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ 43 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് യോഗം നടന്നതെന്നും ഹൈക്കോടതി ഉത്തരവ് ലംഘിക്കാനാകില്ലെന്നും മേയര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അജന്‍ഡകള്‍ പാസാക്കി കൗണ്‍സില്‍ പിരിഞ്ഞു. അപകടകരമായ മരത്തിന്റെ ചില്ല മുറിച്ചതിന് ചിലവായ തുക ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കാതെ പിടിച്ചുവച്ച വിഷയം നവ്യ ഹരിദാസ് ശ്രദ്ധ ക്ഷണിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ ഹെല്‍ത്ത് ഓഫിസറോട് ആവശ്യപ്പെട്ടു. വിധവ പെന്‍ഷന്‍ നല്‍കുന്നതിന് വില്ലേജ് ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നില്ലെന്ന് കെ. നിര്‍മല ശ്രദ്ധ ക്ഷണിച്ചു.
സോഫ്റ്റ്‌വെയര്‍ ചെറുവണ്ണൂരിലെ ജനന-മരണ, വിവാഹ രജിസ്‌ട്രേഷന്‍ മുടങ്ങിയത് എം. കുഞ്ഞാമുട്ടി ശ്രദ്ധക്ഷണിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. സ്ഥിരം സമിതി അധ്യക്ഷരായ എം.സി അനില്‍കുമാര്‍, കെ.വി ബാബുരാജ്, എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, എം.സി സുധാമണി, കെ.കെ റഫീഖ്, കെ.സി ശോഭിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."